ഭൂമി തട്ടിപ്പുകൾ തടയണം

Saturday 12 July 2025 3:33 AM IST

ഉടമസ്ഥർ സ്ഥലത്തില്ലാത്ത വസ്‌തുക്കൾ കേരളത്തിൽ കൂടിവരികയാണ്. ആദ്യമൊക്കെ കുടുംബത്തിലെ ഒരംഗമാണ് ജോലി തേടി അന്യരാജ്യങ്ങളിലേക്ക് പോയിരുന്നത്. ഇപ്പോഴാകട്ടെ കുടുംബസമേതം അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും മറ്റും കഴിയുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇവർക്ക് വിദേശ രാജ്യത്തു ജനിച്ച് അവിടെ വളർന്ന തലമുറയൊന്നും കേരളത്തിലെ സ്ഥിരതാമസത്തെക്കുറിച്ച് ചിന്തിക്കുന്നവർ പോലുമല്ല. മദ്ധ്യ തിരുവിതാംകൂറിലെ കൂറ്റൻ മാളിക വീടുകൾ പലതും ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. ഇനി താമസമുണ്ടെങ്കിൽപ്പോലും,​ അവരെല്ലാം പ്രായാധിക്യമുള്ള ദമ്പതികളും മറ്റുമായിരിക്കും. ഗൾഫിൽ പോയിരുന്നവരാണ് വർഷാവർഷം തിരിച്ചുവന്നിരുന്നത്. ഇപ്പോൾ ഗൾഫിലും വിദേശികൾക്ക് സ്വന്തമായി പാർപ്പിടവും ഭൂമിയും മറ്റും കരസ്ഥമാക്കാമെന്ന നിയമങ്ങൾ വന്നിരിക്കെ അവിടെ കുടിയേറുന്ന മലയാളികളുടെ എണ്ണവും വർദ്ധിക്കാനാണ് സാദ്ധ്യത.

ഇങ്ങനെ ദീർഘകാലം വിട്ടുനിൽക്കുന്നവരിൽ ഭൂരിപക്ഷവും നാട്ടിൽ നല്ല വീടും മറ്റ് വസ്‌തുവകകളും പൂർവാർജ്ജിതമായി ലഭിച്ച പുരയിടങ്ങളും എസ്‌റ്റേറ്റുകളും മറ്റും ഉള്ളവരാണ്. ഇതിൽ പല വസ്തുക്കളും നോക്കാൻ ആരുമില്ല എന്നതാണ് സ്ഥിതി. പ്രത്യേകിച്ച്,​ നഗരപ്രദേശങ്ങളിൽ. നഗരങ്ങളിൽ കണ്ണായ പ്രദേശങ്ങളിൽ കാടുംപടലും പിടിച്ച് മനുഷ്യവാസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകളും പുരയിടങ്ങളും ഇഷ്ടംപോലെ കാണാനാകും. ഒരുവശത്ത് ഉടമസ്ഥർ സ്ഥലത്തില്ലാത്ത വസ്‌തുക്കളുടെ എണ്ണം കൂടുമ്പോൾ മറുവശത്ത് ഭൂമിയുടെ വിലയും കേരളത്തിൽ കുതിച്ചുയരുന്നുണ്ട്. ഈ അവസരമാണ് 'പ്ളോട്ട് ഫോർ സെയിൽ" തട്ടിപ്പുകാർ മുതലെടുക്കുന്നത്. വ്യാജരേഖ ഉണ്ടാക്കി തിരുവനന്തപുരത്ത് ജവഹർ നഗറിലെ വീടും വസ്‌തുവും തട്ടിയെടുത്ത സംഭവം ഒറ്റപ്പെട്ട ഒന്നായി കാണാനാകില്ല. ഇങ്ങനെ ഭൂമി തട്ടിയെടുക്കുന്ന ഗൂഢസംഘങ്ങൾ കേരളത്തിന്റെ പലഭാഗത്തും പ്രവർത്തിക്കുന്നുണ്ട് എന്നുതന്നെ സംശയിക്കേണ്ടിയിരിക്കുന്നു.

പലപ്പോഴും,​ വസ്‌തു തട്ടിയെടുത്ത് വർഷങ്ങൾ കഴിഞ്ഞാവും യഥാർത്ഥ ഉടമ പോലും വിവരമറിയുന്നത്. രജിസ്ട്രേഷൻ, റവന്യു വകുപ്പുകളിലെ സഹായമില്ലാതെ ഇത്തരം തട്ടിപ്പ് നടത്തുക പ്രയാസമാണ്. ചില വസ്തു ബ്രോക്കർമാരും ആധാരമെഴുത്തുകാരും ഉദ്യോഗസ്ഥരും വ്യാജരേഖ തയ്യാറാക്കുന്നവരും വസ്‌തു ഉടമകളായി നടിക്കുന്നവരുമെല്ലാം ഉൾപ്പെട്ട സംഘങ്ങളാണ് ഉടമകൾ സ്ഥലത്തില്ലാത്ത വീടും പറമ്പും തട്ടിയെടുക്കാൻ പ്രവർത്തിക്കുന്നത്. ഇത്തരം തട്ടിപ്പുകൾ തടയാൻ ശക്തമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കിൽ പല പ്രവാസികളും വർഷങ്ങൾ കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ അവരുടെ വീട്ടിൽ അപരിചിതർ താമസിക്കുന്നത് കാണേണ്ടിവരും. ദീർഘകാലമായി വിദേശത്ത് കഴിയുന്നവർക്ക് അവരുടെ നാട്ടിലെ വസ്‌തുവകകൾ ഏതെല്ലാമാണെന്ന് സർവേ നമ്പരുകൾ സഹിതം അറിയിക്കാനും,​ ഇത്തരം വസ്തുക്കളുടെ ക്രയവിക്രയം അവരുടെ അറിവില്ലാതെ നടത്താൻ പാടില്ലെന്നും നിഷ്കർഷിക്കുന്ന ഒരു സംവിധാനത്തിന് സർക്കാർ രൂപം നൽകണം.

പ്രവാസികൾക്കു വേണ്ടി പ്രവർത്തിക്കുന്ന നോർക്ക പോലുള്ള ഏജൻസികളാണ് ഇതിന് മുൻകൈയെടുക്കേണ്ടത്. പ്രവാസി ക്ഷേമ സംഘടനകളും ഇത്തരം കാര്യങ്ങൾക്കായി നിലകൊള്ളേണ്ടതാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും വരുന്ന വസ്‌തുവില്പന വിവരങ്ങളിൽ പ്രധാനമായി ചൂണ്ടിക്കാണിക്കുന്നത് ഉടമ വിദേശത്തായതിനാൽ നോക്കാനാളില്ലെന്നും അതിനാൽ കുറഞ്ഞ വിലയ്ക്ക് വിൽപ്പനയ്ക്കു വച്ചിരിക്കുന്നു എന്നുമാണ്. തട്ടിപ്പുകാർ ആദ്യം ചെയ്യുന്നത് 'പ്ളോട്ട് ഫോർ സെയിൽ" എന്നൊരു ബോർഡ് വസ്തുവിൽ സ്ഥാപിക്കുക എന്നതാണ്. ആരെങ്കിലും എതിർത്താൽ മറ്റൊരു വസ്തുവിന്റെയാണ്, മാറിപ്പോയി എന്നു പറഞ്ഞ് തടിതപ്പും. എതിർത്തില്ലെങ്കിൽ തട്ടിപ്പുമായി മുന്നോട്ടു നീങ്ങും. വസ്‌തു വാങ്ങുന്നവർ കൂടി കെണിയിലാവുന്ന ഈ സമ്പ്രദായം മുളയിലേ നുള്ളുന്ന സംവിധാനത്തിനാണ് സർക്കാർ അടിയന്തരമായി രൂപം നൽകേണ്ടത്.