ജനസംഖ്യയിൽ അഭിമാനിക്കാമോ ?
ലോകജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ ജനസംഖ്യ ഈ വർഷം 146 കോടി പിന്നിടുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. രണ്ടാം സ്ഥാനക്കാരയ ചൈനയുടെ ജനസംഖ്യ 141 കോടിയാണ്. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് ഈ വർഷം പുറത്തിറക്കിയ ജനസംഖ്യാ റിപ്പോർട്ടിലെ കണക്കുകൾ അനുസരിച്ച് ഇന്ത്യൻ ജനസംഖ്യയിൽ 26 ശതമാനം യുവാക്കളാണ്. 68 ശതമാനം പേരും തൊഴിലെടുക്കാവുന്ന പ്രായക്കാരാണ്. ജനസംഖ്യയിലെ വർദ്ധനവ് ഈ നിലയിൽ തുടരുകയാണെങ്കിൽ 2060ന് ശേഷം ഇന്ത്യൻ ജനസംഖ്യ 170 കോടിയ്ക്ക് അടുത്തേക്ക് എത്തുമെന്നും പഠനങ്ങൾ പറയുന്നു. 1950 മുതൽ ജനസംഖ്യാ കണക്കെടുക്കുന്ന യു.എൻ പട്ടികയിൽ 2023ലാണ് ചൈനയെ ഇന്ത്യ മറികടന്നത്. അതേസമയം, ഇന്ത്യയുടെ ജനസംഖ്യ 170 കോടി വരെ എത്തിയശേഷം കുറഞ്ഞ് തുടങ്ങും. അത് 40 വർഷത്തിന് ശേഷമായിരിക്കുമെന്നും യു.എൻ.എഫ്.പി.എ റിപ്പോർട്ടിൽ പറയുന്നു. ഈ സമയത്ത് ഇന്ത്യൻ ജനസംഖ്യയുടെ അഞ്ചിലൊന്നും 60 വയസ് പിന്നിട്ടവരായിരിക്കും. ഇത്തരത്തിൽ വയോജനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് സാമ്പത്തിക മേഖലകളിൽ ഉൾപ്പെടെ പ്രതിഫലിക്കും. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 2050ൽ ലോകത്ത് ആറിൽ ഒരാൾ 65 വയസിന് മുകളിലുള്ളവരായിരിക്കും. നൂറ്റാണ്ടിന്റെ അവസാനത്തോടെ 14 വയസിൽ താഴെയുള്ളവരെക്കാൾ കൂടുതലായി പ്രായമായവർ അവശേഷിക്കും. നഗരവത്ക്കരണം, കുടിയേറ്റം എന്നിവയും സാമ്പത്തിക വികസനം, തൊഴിൽ, വരുമാന വിതരണം, ദാരിദ്ര്യം, സാമൂഹികക്ഷേമം എന്നിവയും വ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കാനിടയുണ്ട്.
പുരോഗതിയിലേക്ക്
മുന്നേറുമ്പോഴും
രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ഈ വർഷം തന്നെ 100 കോടിയാകുമെന്ന് പറയുന്നത്, സാങ്കേതിക വിദ്യ വലിയ പുരോഗതി കൈവരിച്ചതിന് തെളിവാണ്. എന്നാൽ ഇപ്പോഴും വലിയൊരു വിഭാഗം ജനങ്ങൾക്ക് ശുചിമുറിയോ ശുദ്ധജലമോ ലഭിക്കുന്നില്ലെന്ന വസ്തുതയും വിസ്മരിക്കരുത്. മനുഷ്യരുടെ എണ്ണത്തിന് ആനുപാതികമായി വിഭവങ്ങൾ ലഭ്യമാകാത്ത അവസ്ഥ വന്നാൽ സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കും. ആഗോള വിശപ്പ് സൂചികാ റിപ്പോർട്ടിന്റെ 2022 ലെ കണക്ക് പ്രകാരം ഇന്ത്യയിൽ ദാരിദ്ര്യം പിടിമുറുക്കുന്നുവെന്ന് മനസിലാക്കാം. 121 രാജ്യങ്ങളുടെ പട്ടികയിൽ നേപ്പാളിനും പാക്കിസ്ഥാനും പിന്നിൽ 107ാം സ്ഥാനത്താണ് ഇന്ത്യ. 2021 ൽ 101ാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്. അതീവ ജാഗ്രതയോടെ ഇന്ത്യയിലെ പട്ടിണി പരിഹരിക്കേണ്ടതുണ്ടെന്ന് ഇതിൽ നിന്നും നമുക്ക് മനസിലാക്കാം. ലോകത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നത് ഇന്ത്യയിലാണ്. ഇന്ത്യയിൽ 22.4 കോടി ജനങ്ങൾക്ക് ആവശ്യത്തിന് പോഷകാഹാരം ലഭിക്കുന്നില്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം, തങ്ങളുടെ ജനസംഖ്യയിലെ ഒന്നാം സ്ഥാനം നഷ്ടമായതിനെ നിസാരവത്ക്കരിച്ചായിരുന്നു ചൈനയുടെ പ്രതികരണം. വികസന മുന്നേറ്റത്തിന് വേണ്ട കഴിവും വൈദഗ്ദ്ധ്യവുമുള്ള 90 കോടിയോളം ആളുകൾ ചൈനയിൽ ഉള്ളപ്പോൾ ജനസംഖ്യയിൽ രണ്ടാമതാകുന്നതുകൊണ്ട് ഒന്നു സംഭവിക്കില്ലെന്നാണ് പ്രതികരണം.
വെല്ലുവിളികളേറെ...
ജനസംഖ്യ പ്രതിവർഷം വർദ്ധിക്കുമ്പോഴും രാജ്യം നേരിടുന്ന വെല്ലുവിളികളും നിരവധിയാണ്. ഇത്രയും ജനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളും തൊഴിൽലഭ്യതയും വിദ്യാഭ്യാസം എന്നീ കാര്യങ്ങളിലും എത്രത്തോളം സജ്ജമാണെന്നും ചിന്തിക്കേണ്ടതുണ്ട്. ഇന്നത്തെ സാഹചര്യത്തിലും പോലും ജനസംഖ്യയ്ക്ക് ആനുപാതികമായുള്ള തൊഴിലവസരങ്ങളുടെ അഭാവം രാജ്യത്ത് നേരിടുന്നുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്ന് 15-25 വയസിനിടയിൽ പ്രായമുള്ളവരാണ്. ഇതിൽ തന്നെ മൂന്നിലൊന്ന് പേരും പഠിക്കാൻ അവസരം ലഭിക്കാത്തവരും തൊഴിലില്ലാത്തവരുമാണ്. പ്രായപൂർത്തിയായവരിൽ 50 ശതമാനത്തിൽ താഴെയാണ് ജോലി ചെയ്യുന്നവരായുള്ളത്.
ദേശീയ സാംപിൾ സർവേ ഓഫീസ് പ്രസിദ്ധീകരിച്ച പീരിയോഡിക് ടേബിൾ ഓഫ് സർവേ അനുസരിച്ച് 15ന് മുകളിൽ പ്രായമുള്ള 25.6% സ്ത്രീകൾ മാത്രമാണ് വേതനം കിട്ടുന്ന തൊഴിൽ ചെയ്യുന്നത്. രാജ്യത്ത് യു.പിയിലും പശ്ചിമ ബംഗാളിലുമാണ് ലിംഗ അസമത്വം കൂടുതൽ. യു.പിയിൽ ഏകദേശം 60 ശതമാനം സ്ത്രീകൾ തൊഴിലില്ലാത്തവരും വിദ്യാഭ്യാസം നേടാൻ അവസരം ഇല്ലാത്തവരുമാണ്. പശ്ചിമ ബംഗാളിൽ 58.6 ശതമാനം സ്ത്രീകൾ തൊഴിലോ വിദ്യാഭ്യാസമോ നേടാത്തവരാണ്. മനുഷ്യ ശേഷിക്കനുസരിച്ച് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള നയങ്ങൾ സർക്കാർ കൈക്കൊള്ളണം.
രാജ്യത്തെ ജനങ്ങളിൽ 65 ശതമാനം പേരും സൗകര്യം കുറഞ്ഞ ഗ്രാമങ്ങളിൽ താമസിക്കുന്നവരാണ്. സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം തുടർപഠനത്തിനുള്ള സൗകര്യം നേടാൻ ഇവരിൽ പലർക്കും കഴിയുന്നില്ല. ഓരോ സംസ്ഥാനങ്ങളിലെ കുട്ടികളെ വൈദഗ്ദ്ധ്യമുള്ളവരും തൊഴിൽ യോഗ്യരാക്കാനും സാധിക്കും വിധം വിദ്യാഭ്യാസ സംവിധാനങ്ങൾ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. 2030ന് മുമ്പ് രാജ്യത്ത് 90 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചെങ്കിൽ മാത്രമേ തൊഴിലില്ലായ്മയെ ഒരു പരിധി വരെയെങ്കിലും തുടച്ച് നീക്കാൻ സാധിക്കൂ.
ജനസംഖ്യാ വർദ്ധനവിന് അനുസൃതമായി അടിസ്ഥാന സൗകര്യ വികസനവും തൊഴിലവസരങ്ങളും വിദ്യാഭ്യാസവും രൂപപ്പെടുത്തി എടുക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, രാജ്യം വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരിക. രാജ്യത്തെ ഓരോ മനുഷ്യനും തൃപ്തിയോടെ ഇവിടെ ജീവിക്കാനുള്ള അന്തരീക്ഷമൊരുക്കുകയാണ് ഏറ്റവും പ്രധാനമെന്ന തിരിച്ചറിവാണ് അത്യാവശ്യം.