നവോദയ വിദ്യാലയത്തിൽ ടാഗോർ ശില്പ അനാച്ഛാദനം
കോട്ടയം: ജവഹർ നവോദയ വിദ്യാലയത്തിലെ രവീന്ദ്രനാഥ ടാഗോറിന്റെ പൂർണ്ണകായ ശില്പത്തിന്റെ അനാച്ഛാദനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിക്കും. ഫ്രാൻസിസ് ജോർജ്ജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ജോളി വിൻസന്റ് സ്വാഗതവും , വൈസ് പ്രിൻസിപ്പൽ എ.ടി. ശശി നന്ദിയും പറയും. ഇതോടൊപ്പം കവിതാ പാരായണം, സെമിനാർ, പ്രസംഗമത്സരം, ഉപന്യാസ രചന, ഡോക്യുമെന്ററി പ്രദർശനം തുടങ്ങി വിവിധ പരിപാടികളും നടത്തുന്നുണ്ട്. സ്‌കൂൾ അങ്കണത്തിൽ മുമ്പ് ഗാന്ധിജിയുടെ ശില്പമൊരുക്കിയ സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകനായ രാജേഷ് കുമാറാണ് ടാഗോറിന്റെയും പൂർണ്ണകായ ശില്പമൊരുക്കിയിട്ടുള്ളത്. പ്രശസ്ത ചിത്രകാരൻ പി.എസ്. പുണിഞ്ചിത്തായയുടെ ശിഷ്യനാണ് രാജേഷ് കുമാർ. എറണാകുളം പാർപ്പാകോട് കട്ടിമുട്ടം കളപ്പുരത്തട്ടയിൽ ജ്യോതിഷ പണ്ഡിതനും റിട്ട. അദ്ധ്യാപകനുമായ വിജയൻ മാസ്റ്ററുടെയും രാധയുടെയും മകനാണ്. ഭാര്യ: ശ്രീജയാണ്. മക്കൾ: വിദ്യാർത്ഥികളായ ബദരീനാഥ്, അളകനന്ദ.