സന്തുഷ്ട ജീവിതത്തിന്റെ മായക്കാഴ്ചകൾ
''ഒരാൾ ആഗ്രഹിക്കുന്നതൊക്കെ നിസാരമായി സാധിക്കുന്നു എന്നിരിക്കട്ടെ! അങ്ങനെയും കുറച്ചു ഭാഗ്യവാന്മാർ ചില നാട്ടിലെങ്കിലും കാണുമല്ലോ! സത്യത്തിൽ അത്തരമൊരു വ്യക്തി സന്തുഷ്ടജീവിതം നയിക്കുന്നുണ്ടാകുമോ? 'സന്തുഷ്ട ജീവിതം" എന്ന പദം സൂചിപ്പിക്കുന്നത് സന്തോഷവും, സംതൃപ്തിയും നിറഞ്ഞ ഒരു ജീവിതത്തെയാണ്. ഇതിനെ ഇംഗ്ലീഷിൽ 'happy life"എന്ന് പറയാം. ഇത് വ്യക്തിപരമായ വളർച്ച, നല്ല ബന്ധങ്ങൾ, ലക്ഷ്യബോധം, ജീവിതത്തിൽ സന്തോഷം നൽകുന്ന കാര്യങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. 'സന്തുഷ്ടജീവിതം" എന്നു പറഞ്ഞാൽ, അതിൽ ഒരാൾമാത്രം പോരല്ലോ! അല്ലെങ്കിൽ, അയാളും, അയാളുടെ ഭാര്യയും, മക്കളും മാത്രം മതിയോ? ആ ചോദ്യമവിടെ നിൽക്കട്ടെ, മറുപടി അല്പം കഴിഞ്ഞു പറയാൻ നോക്കാം, അതിനിടയിൽ ഒരു ചെറിയ അനുഭവകഥ കൂടി പറഞ്ഞാൽ സംഗതി ചിലപ്പോൾ ശരിയാകും. സമ്പത്തിന്റെയും, സൗഭാഗ്യങ്ങളുടേയും മാസ്മരിക ലോകത്തു കഴിയുന്നുയെന്ന് സാധാരണക്കാർ വിലയിരുത്തുന്ന പലരും, സത്യത്തിൽ സന്തുഷ്ട ജീവിതമോ, സമാധാന ജീവിതമോ അനുഭവിക്കുന്നുണ്ടോ എന്നൊരു അന്വേഷണം പോലെയാണ് പ്രഭാഷകൻ വിഷയം അവതരിപ്പിച്ചത്.""
വലിയ ഇടങ്ങളിലെ അസ്വസ്ഥതകളും, അസ്വാരസ്യങ്ങളും, അവിടെയുള്ളവരുടെ നൊമ്പരമാകുന്ന കാഴ്ചകൾ കാട്ടിത്തരുന്നതാണ് ലക്ഷ്യമെങ്കിലും, പ്രതീക്ഷകൾ, യാതൊരു പ്രതിബന്ധങ്ങളുമില്ലാതെ പൂവണിയാൻ തുടങ്ങിയാൽ, ആ വ്യക്തിക്ക് ഒരുപരിധി കഴിഞ്ഞാൽ എല്ലാം വിരസമായല്ലേ അനുഭവപ്പെടു എന്ന സത്യത്തെ കാട്ടിത്തരാനുള്ളൊരു ഉദ്യമമാണ് പ്രഭാഷകൻ നടത്തുന്നതെന്ന് സദസ്യരിൽ ചിലരെങ്കിലും മനസിലാക്കിയിരുന്നു. അതിനാൽ, പ്രഭാഷകന്റെ തുടർന്നുള്ള വാക്കുകൾക്കായി അവർ കാതോർത്തു. സദസ്യരെയാകെ, വാത്സല്യപൂർവം നോക്കി പുഞ്ചിരിച്ചുകൊണ്ട് പ്രഭാഷകൻ ഇപ്രകാരം തുടർന്നു:
''ദശാബ്ദങ്ങൾക്ക് മുമ്പ് എനിക്ക് ധനികനായൊരു അയൽക്കാരനുണ്ടായിരുന്നു. ഒരു മുണ്ടുടുത്ത്, ഷർട്ട് ധരിക്കാത്ത, എഴുപതിനു മുകളിൽ പ്രായമുള്ള, വലിയ ശരീരപുഷ്ടിയുള്ള ഒരാൾ. പക്ഷെ, അദ്ദേഹത്തിന് ആരുമായും അടുപ്പമുണ്ടായിരുന്നില്ല. കോടീശ്വരനായിരുന്നെങ്കിലും, അദ്ദേഹം ആരെയെങ്കിലും സഹായിച്ചതായി ആർക്കുമറിയില്ല. അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ഒരു കൂട്ട നിലവിളി കേട്ടു. അന്വേഷിച്ചപ്പോൾ, അദ്ദേഹം വീട്ടിനുള്ളിൽ മോഹാലസ്യപ്പെട്ടു വീണെന്ന വാർത്തയാണ് അറിഞ്ഞത്. ഞാൻ അടുത്തുള്ള ഡോക്ടറെ വിവരമറിയിച്ചു. ഡോക്ടർ പരിശോധിച്ചിട്ടു പറഞ്ഞു, അദ്ദേഹം മരിച്ചു പോയെന്ന്. നിലത്തുകിടക്കുന്ന മൃതശരീരത്തിൽ, ആകെയുള്ളത് ഒരു മുഷിഞ്ഞ വസ്ത്രം മാത്രമായിരുന്നു. ഞാനവിടെയൊരു കാര്യം മാത്രമേ പറഞ്ഞുള്ളു, വൃത്തിയുള്ള മുണ്ടും, ഷർട്ടും ധരിപ്പിച്ച്, മൃതദേഹം മാന്യമായി കിടത്തുക. അപ്രകാരം പറയുന്നതിനു മുൻപുതന്നെ, അവിടെയുള്ളവർ എന്തൊതിരയുന്നതു കണ്ടു. മരണം സ്ഥിരീകരിച്ച് മണിക്കൂറാകാറായിട്ടും, തിരച്ചിൽ അവസാനിക്കുന്നില്ല. ആരൊക്കയോ വിവരം തിരക്കി. മറുപടി രസകരമായിരുന്നു, അദ്ദേഹം, വിലപിടിപ്പുള്ള മുതലുകളും, വസ്ത്രങ്ങളും മറ്റും സൂക്ഷിക്കുന്ന അലമാരയുടെ താക്കോൽ കാണുന്നില്ലത്രെ! തന്റെ ജീവിതകാലത്ത്, അത്തരമൊരു ചാവി, സ്വന്തം ഭാര്യയെപ്പോലും കാണിച്ചിട്ടില്ലാത്ത ഒരു മനുഷ്യൻ! ഇപ്പോഴിതാ കിടക്കുന്നു, രണ്ടു കൈകളും ശൂന്യമായി, ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയിൽ! ഒടുവിൽ, പുതിയ വസ്ത്രം എത്തിച്ച് മാറ്റിയുടുപ്പിക്കാൻ നോക്കിയപ്പോൾ അദ്ദേഹം ധരിച്ച ആ മുഷിഞ്ഞ മുണ്ടിന്റെ തുമ്പിൽ, ആ താക്കോൽ കൂട്ടം കെട്ടിയിരിക്കുന്നു. ഇപ്രകാരം ജീവിച്ചു മരിച്ച വ്യക്തിനയിച്ചിരുന്ന ജീവിതത്തിൽ എന്തെങ്കിലും സംതൃപ്തി കിട്ടിക്കാണുമോ! അതോ, തന്റെ പണപ്പെട്ടി പൂട്ടി, സ്വന്തം ഭാര്യയെ പോലും അത് കാണിക്കാതെ സൂക്ഷിച്ചതിലായിരുന്നോ സംതൃപ്തി? എന്തായാലും പോയില്ലേ, വെട്ടിപ്പിടിച്ചതും, തട്ടിപ്പറിച്ചെടുത്തതും വിട്ടിട്ട്! അപ്പോൾ, ആ ചോദ്യത്തിന് ഉത്തരമായോ? എല്ലാം കണക്കിനായാൽ കൊള്ളാം, അല്ലെങ്കിൽ, ഇങ്ങനെയൊക്കെ കണക്കുകൾ തെറ്റില്ലേ! അപ്പോൾ, സംതൃപ്ത ജീവിതത്തിൽ നമ്മൾ മാത്രം മതിയോ, അതോ, നമ്മളെല്ലാവരും വേണോ?"" ഇപ്രകാരം പ്രഭാഷകൻ നിറുത്തുമ്പോൾ, സദസ്യരിൽ മിക്കവരും സ്വന്തം ജീവിതത്തെപ്പറ്റി വിലയിരുത്തലിലായിരുന്നു.