90 വർഷമായി താമസിക്കുന്ന സ്ഥലത്ത് നിന്നും കുടിയിറക്ക് ലക്ഷ്മിയമ്മയുടെ ദുരിതത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ
കാസർകോട് : വർഷങ്ങളായി കുടികിടക്കുന്ന ഭൂമിയിൽ നിന്നും മൂന്നു ദിവസത്തിനകം കുടിയൊഴിയാനാവശ്യപ്പെട്ട് റവന്യു വകുപ്പിന്റെ നോട്ടീസ് ലഭിച്ച ലക്ഷ്മിയമ്മയുടെയും കുടുംബത്തിന്റെയും ദുരിതത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. കാസർകോട് ജില്ലാ കളക്ടർ ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. ആഗസ്റ്റിൽ കാസർകോട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. അഞ്ച് മക്കളെ അകാലത്തിൽ നഷ്ടപ്പെട്ട ലക്ഷ്മിയമ്മയെ 90 വർഷമായി താമസിക്കുന്ന സ്ഥലത്ത് നിന്ന് ഇറക്കി വിടാനുള്ള റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം സംബന്ധിച്ച് 'കേരള കൗമുദി' നൽകിയ വാർത്തയെ തുടർന്ന് ആണ് മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തത്.
നഗരത്തിൽ ചന്ദ്രഗിരി ജംഗ്ഷനടുത്തുള്ള നായ്ക്സ് റോഡിൽ താമസിക്കുന്ന 92 കാരിയായ ലക്ഷ്മിയമ്മയ്ക്കും കുടുംബത്തിനുമാണ് തഹസിൽദാർ നോട്ടീസ് നൽകിയിരിക്കുന്നത്. കാസർകോട് വില്ലേജിലെ സർവ്വേ നമ്പർ 89/11 ൽപ്പെട്ട 23 സെന്റ് സ്ഥലത്താണ് ലക്ഷ്മിയമ്മയും കുടുംബവും താമസിക്കുന്നത്. നിലവിലുള്ള ഭൂമിയിൽ നിന്ന് ഒഴിയുന്നതിന് പകരം അനുവദിച്ച ഭൂമിയുടെ സർവേ നമ്പർ നോട്ടീസിൽ നൽകിയിട്ടുണ്ടെങ്കിലും നിലവിൽ എവിടെയും ഈ കുടുംബത്തിന് ഭൂമി അനുവദിച്ചിട്ടില്ലെന്നാണ് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടി. ഭൂമി അനുവദിച്ചതിന്റെ രേഖകൾ ഫയലിൽ ഇല്ലെന്ന് ആർ.ഡി.ഒയും വെളിപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇവർക്ക് വാടക വീടെടുത്ത് താമസിക്കാനുള്ള സാമ്പത്തികശേഷിയുമില്ല. നിലവിൽ താമസിക്കുന്ന സ്ഥലത്ത് പത്തു സെന്റ് സ്ഥലത്തിനെങ്കിലും അവകാശം നൽകണമെന്ന് കുടുംബം വർഷങ്ങൾക്ക് മുമ്പെ അപേക്ഷിച്ചിട്ടുണ്ട്. 2023 മേയ് 25 ന് കുടുംബത്തിന് അനുകൂലമായ വിധി വന്നിരുന്നു. പട്ടികജാതി വിഭാഗത്തിലുള്ള കുടുംബം അനുഭവിക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനമാണെന്ന് പരാതിയുണ്ട്. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.