പിണറായി എഡ്യൂക്കേഷൻ ഹബ് : നിർമ്മാണത്തിന് വേഗം കൂട്ടും

Friday 11 July 2025 8:23 PM IST

പ്രവൃത്തി വേഗത്തിലാക്കാൻ ചീഫ് സെക്രട്ടറിയുടെ നിർദേശം

കണ്ണൂർ: മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നടപ്പാക്കുന്ന സർക്കാരിന്റെ അഭിമാന പദ്ധതിയായ പിണറായി എഡ്യൂക്കേഷൻ ഹബ് നിർമ്മാണം അതിവേഗം പൂർത്തിയാക്കാൻ നിർദ്ദേശം. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് പദ്ധതി പൂർത്തിയാക്കും. ഇന്നലെ സ്ഥലം സന്ദർശിച്ച് നിർമ്മാണം വിലയിരുത്തിയ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് പദ്ധതി നിർവഹണം വേഗത്തിലാക്കാൻ നിർദേശം നൽകി. ജില്ലാകളക്ടർ അരുൺ കെ.വിജയന്റെ സാന്നിധ്യത്തിൽ ചീഫ് സെക്രട്ടറി പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ നേരിൽ കണ്ട് വിലയിരുത്തി. നവീനമായ പുതുതലമുറ കോഴ്സുകൾ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾ ഒറ്റ കാമ്പസിൽ ലഭ്യമാക്കുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമായാണ്.കിഫ്ബി ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

തറക്കല്ലിട്ടത് കഴിഞ്ഞ വർഷം കഴിഞ്ഞ വർഷം ആഗസ്റ്റ് 23നാണ് പദ്ധതിക്ക് മുഖ്യമന്ത്രി പദ്ധതിക്ക് തറക്കല്ലിട്ടത്. അടുത്ത വർഷം മാർച്ചിൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്.സിവിൽ സർവീസ് അക്കാഡമിയിൽ അഞ്ച് ക്ലാസുകളിലായി 300 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകും. 150 വിദ്യാർത്ഥികൾക്ക് താമസ സൗകര്യവും ഒരുക്കും. വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്നതും ഹബ്ബിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.പദ്ധതിയുടെ ഏകോപന ചുമതല ഐ.എച്ച്.ആർ.ഡിക്കും നിർമ്മാണ മേൽനോട്ടം കെ.എസ്‌.ഐ.ടി.ഐ.എല്ലിനുമാണ്. കേരളത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തിൽ നാഴികക്കല്ലായി മാറാനാണ് എഡ്യൂക്കേഷൻ ഹബ്ബ് ലക്ഷ്യമിടുന്നത്.

പിണറായി എഡ്യുക്കേഷൻ ഹബ്

ചിലവ് 285 കോടി

വിസ്തൃതി 12.93 ഏക്കർ

സ്ഥാപനങ്ങൾ

ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ആൻഡ് ടെക്‌നോളജി

 ഗവൺമെന്റ് പോളിടെക്നിക് കോളേജ്

 ഗവൺമെന്റ് ഐ.ടി.ഐ

കേരള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്

 സിവിൽ സർവീസ് അക്കാഡമി

അനുബന്ധസൗകര്യങ്ങൾ

കാന്റീൻ,

300 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം

പൊതു കളിസ്ഥലം

ഹോസ്റ്റൽ

പൊതു ലൈബ്രറി

 വെൽക്കം സെന്റർ

 20 മുറികളുള്ള അതിഥി മന്ദിരം

മൂന്നേക്കർ വിസ്തൃതിയിലുള്ള ജൈവ വൈവിധ്യ പാർക്ക്

 20 കെ.എൽ.ഡി ശേഷിയുള്ള കോമൺ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്