രാസലഹരിയുടെ തുറന്നിട്ട വഴികൾ

Saturday 12 July 2025 3:26 AM IST

ലഹരിക്ക് പണ്ടൊക്കെ രണ്ടു രൂപങ്ങളേ ഉണ്ടായിരുന്നുള്ളൂ. ദ്രാവകരൂപത്തിലാണെങ്കിൽ ചാരായവും കള്ളും. ഖരരൂപത്തിലാണെങ്കിൽ കഞ്ചാവ്. പിന്നെ വിദേശമദ്യം വന്നു. കാലം മാറിയതോടെ ചെത്തിയെടുക്കുകയോ വാറ്റിയെടുക്കുകയോ ജൈവപദാർത്ഥങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുകയോ ചെയ്യുന്ന ലഹരികളുടെ രൂപവും ഘടനയും സ്വഭാവവും അവ ശരീരത്തിൽ ഏല്പിക്കുന്ന ആഘാതവുമൊക്കെ മാറി. ഹ്രസ്വനേരത്തേക്ക് ആഹ്ളാദിപ്പിക്കുകയോ മദിപ്പിക്കുകയോ ഒക്കെ ചെയ്തിരുന്ന പരമ്പരാഗത ലഹരിവസ്തുക്കളുടെ സ്ഥാനത്ത്,​ ദീർഘമണിക്കൂറുകളോ ദിവസങ്ങൾ പോലുമോ മായികമോ ഭ്രമാത്മകമോ ആയ വിഭ്രാന്തി പകരുന്ന രാസപദാർത്ഥങ്ങൾക്കാണ് കുറച്ചുകാലമായി വൻ ഡിമാൻഡ്. എം.ഡി.എം.എ,​ കെറ്റാമിൻ തുടങ്ങി ഇത്തരം രാസലഹരി പദാർത്ഥങ്ങളുടെ വരവും വിപണനവും ഉപയോഗവും വർദ്ധിച്ചുവരുന്നു എന്നതിന് മാദ്ധ്യമങ്ങളിൽ ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്ന ലഹരിപിടിത്തത്തിന്റെ വാർത്തകൾ തന്നെ തെളിവ്.

ഇക്കൂട്ടതിൽ,​ എം.ഡി.എം.എ എന്ന 'മെത്തിലീൻഡയോക്സി മെത്താംഫിറ്റാമിൻ" ആണ് സംസ്ഥാനത്ത് ഈയിടെയായി ഏറ്റവും അധികം പിടിക്കപ്പെടുന്ന രാസലഹരി. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തുവച്ച് പിടിയിലായ നാലുപേരിൽ നിന്ന് ഒന്നേകാൽ കിലോ എം.ഡി.എം.എ ആണ് പൊലീസ് പിടിച്ചെടുത്തത്. ലഹരിവിപണിയിൽ ഇതിന് രണ്ടര കോടിയോളം രൂപ വില വരുമത്രേ! ഒമാനിൽ നിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ സംഘം,​ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എ എയർപോർട്ടിനു പുറത്തുവച്ച് പിക്കപ്പ്ലോറിയിലേക്കു മാറ്റി കല്ലമ്പലത്തേക്ക് പോകുമ്പോഴാണ് പിടിയിലായത്. കർശനമായ കസ്റ്റംസ് പരിശോധനകളുള്ള വിമാനത്താവളത്തിൽ നിന്ന് ചരക്കുമായി ഇവർ എങ്ങനെ പുറത്തു കടന്നുവെന്നതാണ് അത്ഭുതം. പിടിയിലായ പ്രധാനിയുടെ മൊഴി അനുസരിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നാണ് സംസ്ഥാനത്തേക്ക് എം.ഡി.എം.എയുടെ മുഖ്യ വരവ്. അവിടെ നിന്ന് പാകിസ്ഥാൻ,​ ഒമാൻ വഴിയാണത്രേ കടത്ത് കൂടുതലും. സംസ്ഥാനത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വിലകൂടി ലഹരിവേട്ടയായിരുന്നു കല്ലമ്പലത്തേത്.

സമീപവർഷങ്ങളിലായി അന്യരാജ്യങ്ങളിൽ നിന്ന് വിമാനമാർഗം കേരളത്തിലേക്കുള്ള രാസലഹരിക്കടത്ത് വർദ്ധിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും എയർപോർട്ടുകളിൽ കസ്റ്റംസ് പരിശോധന കൂടുതൽ കർശനമാക്കുന്നതിൽ കാട്ടുന്ന അമാന്തത്തിന് ഒരു ന്യായീകരണവുമില്ല. ഒമാനിൽ നിന്നുള്ള സംഘം വലയിലായത് ഡാൻസാഫ് സംഘത്തിനു ലഭിച്ച കൃത്യമായ രഹസ്യ സന്ദേശത്തെ തുടർന്നു നടത്തിയ വാഹന പരിശോധനയിലാണ്. അല്ലായിരുന്നെങ്കിൽ അപ്പോഴേ അത് വിപണിയിലെത്തുമായിരുന്നു! ലഹരിമാഫിയാ സംഘങ്ങളുമായി ചില കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഇടപാടുകൾ ഉള്ളതായും,​ അറിഞ്ഞുകൊണ്ട് ഇവർ കണ്ണടയ്ക്കുന്നതാണ് വിദേശങ്ങളിൽ നിന്ന് ഇത്രയധികം രാസലഹരി സംസ്ഥാനത്തേക്ക് എത്തുന്നതെന്നും ആക്ഷേപമുണ്ട്. ഇത്തരം കേസുകൾ വെളിച്ചത്താകുമ്പോൾ കസ്റ്റംസിലെ പഴുതുകളെക്കുറിച്ച് സാധാരണ ജനങ്ങൾക്കുള്ള സംശയം ബലപ്പെടുകയാണ് ചെയ്യുക.

റെയ്ഡിലോ കസ്റ്റംസ് പരിശോധനയിലോ മറ്രോ പിടിച്ചെടുക്കുന്ന ലഹരിവസ്തുവിന്റെ ശാസ്ത്രീയമായ 'ഒറിജിനാലിറ്റി" തെളിയിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ വരുന്ന കാലതാമസമാണ് അന്വേഷണ ഏജൻസികളെ വലയ്ക്കുന്ന മറ്റൊരു ബദ്ധപ്പാട്. എം.ഡി.എം.എ ആണെന്നു തെറ്റിദ്ധരിപ്പിച്ച്,​ കാഴ്ചയിൽ അതുമായി സാമ്യമുള്ള വ്യാജപദാ‌ർത്ഥങ്ങൾ വലിയ വിലയ്ക്കു വിറ്റ് കബളിപ്പിക്കുന്ന വിരുതന്മാരും ഇതിനിടെ വലയിലായിട്ടുണ്ട്. നിലവിൽ ചീഫ് കെമിക്കൽ എക്സാമിനേഴ്സ് ലാബിലോ,​ ഫോറൻസിക് ലാബിലോ ആണ് രാസലഹരി പദാർത്ഥങ്ങളുടെ പരിശോധനാ സൗകര്യം. കൂടുതൽ സ്ഥിരീകരണം വേണമെങ്കിൽ ഹൈദരാബാദിലോ പൂനെയിലോ ഉള്ള കേന്ദ്ര ലബോറട്ടികളിലേക്കു വിടണം. കേസുകളുടെ ആധിക്യം കാരണം ഫലം കിട്ടാൻ പലപ്പോഴും മാസങ്ങളെടുത്തെന്നിരിക്കും. തിരുവനന്തപുരത്തെ സംസ്ഥാന ഫോറൻസിക് ലാബിന് കൊച്ചി,​ തൃശൂർ,​ കണ്ണൂർ എന്നിവിടങ്ങളിലാണ് മേഖലാ കേന്ദ്രങ്ങൾ ഉള്ളത്. കൊല്ലത്ത് ജില്ലാതലത്തിൽ ഒരു ലാബുമുണ്ട്. എല്ലാ ജില്ലകളിലും ഫോറൻസിക് ലാബുകൾ തുടങ്ങുകയെന്ന പദ്ധതി പ്രാവർത്തികമായിട്ടില്ല. രാസലഹരി മഹാവിപത്തായി മാറിയിരിക്കെ എല്ലാ തലത്തിലും വേണ്ട നടപടികൾ സംസ്ഥാന സർക്കാർ അടിയന്തരമായി സ്വീകരിച്ചേ മതിയാകൂ.