പൊലീസ് ചമഞ്ഞ് 80 ലക്ഷം കടത്താൻ ശ്രമം : അച്ഛനും മക്കളും ഉൾപ്പെടെ നാലുപേർ പിടിയിൽ

Saturday 12 July 2025 1:43 AM IST

ചിറ്റൂർ: പൊലീസ് ചമഞ്ഞ് 80 ലക്ഷം രൂപ കടത്താൻ ശ്രമിച്ച അച്ഛനും മക്കളും ഉൾപ്പെടെ നാലുപേർ പിടിയിൽ. ഒറ്റ നോട്ടത്തിൽ പൊലീസ് ആണെന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു പ്രതികളുടെ വേഷവിധാനം. പൊലീസ് ധരിക്കുന്ന പാന്റ്, ഷൂ, സോക്സ് എന്നിവ ഇവർ ധരിച്ചിരുന്നു. പണം കടത്താൻ ശ്രമിച്ച ആഡംബര കാറിൽ കുടുംബവും ഉണ്ടായിരുന്നു. കാറിൽ നിന്ന് പൊലീസ് കണ്ടെടുത്തത് 79.80 ലക്ഷം രൂപയും 12 ചെറിയ പീസുകളായി അഞ്ച് ഗ്രാം സ്വർണവും. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് രേഖകൾ ഇല്ലാതെ പണം കടത്തുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊഴിഞ്ഞാമ്പാറ ഇൻസ്‌പെക്ടർ എം.ആർ.അരുൺകുമാറും സംഘവും ജില്ലാ ഡാൻസാഫ് സംഘവും നടത്തിയ വാഹന പരിശോധനയ്ക്കിടെ കൊഴിഞ്ഞാമ്പാറ അത്തിക്കോട് വച്ചാണ് ഇവർ പിടിയിലായത്. ആലപ്പുഴ ചേർത്തല, പാണാവല്ലി സൂര്യാമൃതം വീട്ടിൽ ജെ.കെ.മനോജ്(47) മകൻ സൂര്യ മനോജ് കൃഷ്ണ(20), മനോജിന്റെ അനന്തരവൻ ആലപ്പുഴ, ന്യൂ ബസാർ, ലായത്ത് പറമ്പ് രേവതിയിൽ രാംകുമാർ(35), മനോജിന്റെ പതിനാലുകാരിയായ മകളുമാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ഇതിന് മുമ്പും ഇയാൾ ഇത്തരത്തിൽ നിരവധി തവണ പണം കടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ചിറ്റൂർ ഡിവൈ.എസ്.പി വി.എ.കൃഷ്ണദാസ്, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൾ മുനീർ, മീനാക്ഷിപുരം എസ്.ഐ കെ.ഷിജു, എ.എസ്.ഐ വി.മാർട്ടിനഗ്രേസി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വി.ഹരിദാസ്, എൻ.ശരവണൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.