കാശ്മീരിൽ നേതാക്കളുടെ അഭാവം മുതലെടുക്കുക ഭീകരർ,​ ഫാറൂഖ് അബ്ദുള്ളയെ ഉടൻ മോചിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി

Tuesday 17 September 2019 10:46 PM IST

ന്യൂഡൽഹി: പൊതുസുരക്ഷാ നിയമ പ്രകാരം തടവിലാക്കിയ ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ ഉടൻ മോചിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഫാറൂഖ് അബ്ദുള്ളയെപോലുള്ള ദേശീയ നേതാക്കളെ തടവിലാക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന രാഷ്ട്രീയ ശൂന്യത മുതലെടുക്കുന്നത് ഭീകരരാണെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. ഇന്ത്യയെ മുഴുവനായി വിഭജിച്ചുനിർത്താനുള്ള രാഷ്ട്രീയ ആയുധമായി ഇതുവഴി കാശ്മീരിനെ മാ​റ്റുമെന്നും രാഹുൽ പറഞ്ഞു. കാശ്മീരിൽ ഭീകരവാദികൾക്ക് ഇടം നൽകുന്ന തരത്തിലുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്നും തടവിലാക്കിയ മുഴുവൻ മുഖ്യധാരാ നേതാക്കളെയും മോചിപ്പിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്റിയും ലോക്സഭാ അംഗവും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയ്ക്കുമേൽ ജമ്മുകാശ്മീർ പൊതു സുരക്ഷാ നിയമം (പി.എസ്.എ) ചുമത്തിയത്. ഭീകരർക്കും തീവ്രവാദികൾക്കും മേൽ ചുമത്താറുള്ള നിയമമാണിത്. ഫാറൂഖ് അബ്ദുള്ളയുടെ ശ്രീനഗർ ഗുപ്കർ റോഡിലെ വസതി ജയിലായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഫാറൂഖ് അബ്ദുള്ളക്കുമേൽ പി.എസ്.എ ചുമത്തിയതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. പി.എസ്.എ ചുമത്തപ്പെടുന്ന ആദ്യത്തെ പ്രമുഖ നേതാവും എം.പിയുമാണ് ഫാറൂഖ് അബ്ദുള്ള