ദുരിത മോചനത്തിനും ജനങ്ങളുടെ ഐശ്വര്യത്തിനും, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭദ്രദീപ ചടങ്ങുകൾക്ക് പിന്നിൽ
തിരുവനന്തപുരം: ആനി കളഭത്തോടനുബന്ധിച്ച് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭദ്രദീപചടങ്ങുകൾക്കൊരുങ്ങുന്നു. 12 മുതൽ 17 വരെയാണ് ഭദ്രദീപ ചടങ്ങുകൾ. ദുരിത മോചനത്തിനും ജനങ്ങളുടെ ഐശ്വര്യത്തിനുമാണ് ഭദ്രദീപം നടത്തുന്നത്. 12 ന് ആചാര്യവരണത്തോടെ ആരംഭിക്കുന്ന ചടങ്ങുകൾ 17 ന് തിരുമുടി കലശത്തോടെയാണ് സമാപിക്കുന്നത്. തന്ത്രി, സ്ഥാനി ഉൾപ്പെടെയുള്ളവർക്ക് മാത്രമാണ് ഭദ്രദീപ ദർശനത്തിന് അനുവാദമുള്ളത്.
1744 ലാണ് ആദ്യ ഭദ്രദീപം നടത്തിയതെന്നാണ് വിശ്വാസം. മതിലകത്ത് ശീവേലിപ്പുരയ്ക്ക് പുറത്തായി കാണുന്ന കെട്ടിടമാണ് ദീപയാഗ മണ്ഡപം അഥവാ ഭദ്രദീപപ്പുര. ഇവിടെ ഭദ്രദീപചടങ്ങുകൾ നടത്തുമ്പോൾ ശ്രീപത്മനാഭസ്വാമിക്ക് കളഭം നടത്തണമെന്നതാണ് ചിട്ട. 2011 ൽ നടത്തിയ ദേവപ്രശ്നത്തിൽ ഭദ്രദീപം പുന:രാരംഭിക്കണമെന്ന് നിർദേശിച്ചിരുന്നു. ആറുമാസത്തിലൊരിക്കലാണ് ഭദ്രദീപ ചടങ്ങുകൾ നടത്തുക. ഓരോ 12–ാം ഭദ്രദീപവും അവസാനിക്കുന്നത് മുറജപത്തിലാണ്. ഇത്തവണത്തെ മുറജപം നവംബർ 19 ന് ആരംഭിക്കും.
മുറജപത്തിന്റെ 56–ാം ദിവസമാണ് ലക്ഷദീപം. അടുത്തവർഷം ജനുവരി 14നാണ് ലക്ഷദീപം.
ആനി കളഭത്തോടനുബന്ധിച്ച് ഇന്നലെ മുതൽ 16 വരെ ദർശനസമയത്തിൽ ക്രമീകരണം ഏർപ്പെടുത്തി. പുലർച്ചെ 3.30 മുതതൽ 4.45 വരെയും രാവിലെ 6.30 മുതൽ 7 വരെയും പത്തു മുതൽ 12 വരെയുമാണ് ദർശനം. കളഭാഭിഷേക ദർശനം രാവിലെ 8 മുതൽ 9 വരെയാണ്. വൈകുന്നേരത്തെ ദർശനസമയത്തിൽ മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു.