നാശത്തിന്റെ വക്കിൽ പണയിൽ കുളം

Saturday 12 July 2025 1:59 AM IST

കല്ലമ്പലം: കാലങ്ങളോളം ഒറ്റൂരിന്റെ ജലസംഭരണിയായിരുന്ന പണയിൽ കുളം പായൽ നിറഞ്ഞ് ഉപയോഗശൂന്യമായി നാശത്തിന്റെ വക്കിൽ. കാടും പടർപ്പും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ് കുളം നശിക്കുകയാണ്. ഒറ്റൂർ നിവാസികൾക്ക് പലവിധത്തിൽ പ്രയോജനമുള്ളതാണ് ഈ കുളം. മണമ്പൂർ പഞ്ചായത്തിന്റെ ഒന്നാം വാർഡിലുള്ള കുളത്തിൽ നിന്നാണ് ഒറ്റൂർ മാമ്പഴക്കോണം ഏലായിലെ കൃഷിക്കുള്ള വെള്ളം ഉപയാഗിക്കുന്നത്. കുളം വൃത്തിയാക്കി നാട്ടുകാർ കൃഷിക്കായി ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് പായൽമൂടി എക്കലും മാലിന്യവും ഒഴുകിയിറങ്ങി നാശമായി. തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് വൃത്തിയാക്കിയെങ്കിലും തുടർ സംരക്ഷണ പ്രവർത്തനങ്ങളുണ്ടായില്ല.

 ഉപയോഗശൂന്യമായി

വസ്ത്രമലക്കാൻ,​ കന്നുകാലികളെ കുളിപ്പിക്കാൻ,​ കുളിക്കാനും തുണിയലക്കാനും മറ്റൊരു കടവ് ഇത്തരത്തിലാണ് കുളത്തിന്റെ ഘടന. എന്നാൽ നെൽകൃഷിയും ചിറയെ ആശ്രയിച്ചാണ് നടന്നിരുന്നത്. നെൽക്കൃഷി കുറയുകയും പാടങ്ങൾ കാടുകയറുകയും കന്നുകാലി വളർത്തൽ വിരളമാകുകയും ചെയ്തതോടെ ഉപയോഗം കുറഞ്ഞ ചിറയിലെ വെള്ളം മലിനമായി.

 നവീകരണം വേണം

കുളത്തിനു ചുറ്റുമുള്ള പ്രദേശങ്ങൾ കാടുകയറിയ നിലയിലാണ്. സംരക്ഷണഭിത്തി തീർത്തിട്ടുണ്ടെങ്കിലും കൽക്കെട്ടുകൾ ഇളകി. അതുവഴി മലിനജലം ഊർന്നിറങ്ങും. കുളത്തിന് ചുറ്റും മരങ്ങൾ വളർന്നു നിൽക്കുന്നതിനാൽ ഇലകൾ കൊഴിഞ്ഞു വെള്ളം മലിനപ്പെട്ടു. പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളും കുളത്തിൽ നിറഞ്ഞുകിടക്കുകയാണ്. നീന്തൽക്കുളമാക്കി പുനർ നിർമ്മിച്ചാൽ പഞ്ചായത്തിന് വരുമാനവും ഒപ്പം തൊഴിലവസരങ്ങൾ കൂടുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.