കല്ലമ്പലം ലഹരി മാഫിയകളുടെ ഇടത്താവളം,പരിശോധന കടുപ്പിക്കണമെന്ന് ആവശ്യം
കല്ലമ്പലം: ലഹരി മാഫിയകളുടെ ഇടത്താവളമാണ് കല്ലമ്പലം. ഇവിടെനിന്നുമാണ് വർക്കലയിലേക്കും കൊല്ലത്തേക്കും സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും ഇടനിലക്കാർ വഴി ലഹരി എത്തിച്ചുനൽകുന്നത്.
എം.ഡി.എം.എ കേരളത്തിൽ ഇടനിലക്കാർക്ക് വില്പന നടത്തിയിരുന്ന രണ്ടുപേർ നാലുമാസം മുമ്പാണ് കല്ലമ്പലത്ത് പിടിയിലായത്. കോഴിക്കോട് സ്വദേശി അമീർ, കല്ലമ്പലം സ്വദേശി ഷാൻ എന്നിവരാണ് അന്ന് പിടിയിലായത്. 50 ഗ്രാം എം.ഡി.എം.എയുമായി അഞ്ചു മാസം മുമ്പ് ദീർഘദൂര സ്വകാര്യ ടൂറിസ്റ്റ് ബസിൽ കല്ലമ്പലത്തെത്തിയ വർക്കല താന്നിമൂട് സ്വദേശികളായ ദീപു,അഞ്ജന എന്നിവ ഡാൻസാഫ് ടീമിന്റെ സഹായത്തോടെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്നാണ് ലഹരിക്കടുത്ത് സംഘത്തിലെ രണ്ട് പേരെക്കുറിച്ച് വിവരം ലഭിച്ചത്. ഇതിൽ അമീറിനെ ബാംഗ്ലൂരിൽ നിന്നും പിടികൂടി. മലയാളികൾക്ക് ലഹരി മരുന്നുകൾ വിതരണം ചെയ്യുന്ന കണ്ണികളിൽ പ്രധാനിയാണ് അമീർ.
ആന്ധ്രപ്രദേശിൽ നിന്ന് ബൈക്കിൽ കടത്താൻ ശ്രമിച്ച 10 കിലോ കഞ്ചാവാണ് കഴിഞ്ഞ മാസം കല്ലമ്പലത്ത് ഡാൻസാഫ് സംഘം പിടികൂടിയത്. ബാലരാമപുരം സ്വദേശി അരുൺ പ്രശാന്തിന്റെ പക്കൽനിന്ന് രണ്ടു വലിയ ട്രാവൽ ബാഗുകളിൽ ബൈക്കിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പ്രതിയെ നാവായിക്കുളം തട്ടുപാലത്തിന് സമീപത്ത് നിന്നാണ് പിടികൂടിയത്. പ്രതി വിശാഖപട്ടണത്ത് ലഹരി മരുന്ന് കേസിൽപ്പെട്ട് നാലര വർഷം ആന്ധ്രയിലെ ജയിലിലായിരുന്നു. തുടർന്ന് വീണ്ടും ബാലരാമപുരത്ത് കഞ്ചാവ് കടത്തു കേസിൽ ജയിലിൽ കിടന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് ഒടുവിലത്തെ സംഭവം.
കോടികൾ വിലമതിക്കുന്ന ലഹരിയുമായി പിടിയിലായ സഞ്ജു സ്ഥിരം കുറ്റവാളിയാണ്. 2023 ൽ ഞെക്കാടിനു സമീപം വളർത്തു നായ്ക്കളെ കാവലാക്കി ലഹരി കച്ചവടം നടത്തിയ കേസിൽ ഇയാൾ പ്രതിയാണ്. അന്ന് വിവരം അറിഞ്ഞ പൊലീസ് പരിശോധിക്കാനെത്തുമ്പോൾ വളർത്തു നായ്ക്കളെ അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.