നടപടിയെടുക്കാതെ ദേശീയപാത അതോറിറ്റി, ആരഴിക്കും കുരുക്ക്
തൃശൂർ: ദേശീയപാതയിലെ ഗതാഗതക്കുരുത്തിന് പരിഹാരം കാണാൻ ഹൈക്കോടതി ഒരാഴ്ച സമയം അനുവദിച്ചിട്ടും കാര്യമായ നടപടികളെടുക്കാതെ ദേശീയപാത അതോറിറ്റി. കുരുക്കഴിക്കാൻ നടപടികളെടുക്കണമെന്ന് മന്ത്രിയും കളക്ടറും നേരത്തെ നിർദ്ദേശിച്ചെങ്കിലും അതും നടപ്പായില്ല. കുരുക്കിൽ പെട്ട് മാസങ്ങളായി അലയുന്ന യാത്രക്കാരുടെ ദുരിതത്തെ തുടർന്ന് ജനപ്രതിനിധികളും മന്ത്രിമാരും കളക്ടറും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കർശന നിർദ്ദേശം നൽകിയിരുന്നു. കളക്ടറും മന്ത്രി കെ.രാജനും ദേശീയപാത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി നേരിട്ട് സ്ഥലം സന്ദർശിച്ചിരുന്നു. മഴ മാറുന്നതനുസരിച്ച് സർവീസ് റോഡുകൾ അറ്റകുറ്റപ്പണി നടത്തുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പും നൽകിയിരുന്നു.എന്നാൽ ഇതുവരെ പരിഹാരം കണ്ടെത്താൻ സാധിച്ചിട്ടില്ല. ദേശീയപാത കല്ലിടുക്ക്, മുടിക്കോട്, മുരിങ്ങൂർ, ചിറങ്ങര, കൊരട്ടി തുടങ്ങി അടിപ്പാത നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലെല്ലാം കുരുക്കും യാത്രാദുരിതവും രൂക്ഷമാണ്. ഗതാഗതക്കുരുക്ക് സംബന്ധിച്ച് കളക്ടറേറ്റിൽ യോഗം ചേർന്ന് താക്കീത് നൽകിയിട്ടും ഉദ്യോഗസ്ഥർക്ക് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്.
വഴിതിരിച്ച് വിടുന്നു
അടിപ്പാത നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ കുരുക്കിന് പരിഹാരം കാണാൻ വാഹനങ്ങൾ മറ്റുവഴികളിലൂടെ തിരിച്ച് വിടുകയാണ് ഉദ്യോഗസ്ഥർ. ഇതിനായി പൊലീസിന്റെ സഹായം തേടി. എന്നാൽ വഴിതിരിച്ചുവിട്ട റോഡുകളും പൂർണമായി തകർന്ന അവസ്ഥയാണ്. ഈ റോഡുകളിലൂടെയുള്ള യാത്രയും ദുഷ്‌കരമായി. കുഴികളിൽ പാറമടയിലെ വേസ്റ്റ് ഇട്ടാണ് കുഴിയടയ്ക്കുന്നത്. പഞ്ചായത്ത് റോഡുകളിൽ പോലും നിലവിൽ അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടില്ല.
മന്ത്രിയുടെ മണ്ഡലത്തിലും രക്ഷയില്ല
മന്ത്രി കെ. രാജന്റെ സ്വന്തം മണ്ഡലത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയിലെ മുടിക്കോട് കുരുക്കും ദുരിതവും രൂക്ഷമായതോടെയാണ് മന്ത്രി നേരിട്ട് രംഗത്തിറങ്ങിയത്. എന്നാൽ മന്ത്രിയുടെ നിർദ്ദേശങ്ങൾ ഇതുവരെ നടപ്പായില്ല. മന്ത്രിയും കളക്ടറും ദേശീയപാത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചെയ്യേണ്ട കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ട് ആഴ്ചകൾ പിന്നിട്ടെങ്കിലും നടപടികൾ ഇഴയുകയാണ്. മുടിക്കോട് മൂന്നുദിവസത്തിനുള്ളിൽ പോസ്റ്റുകൾ മാറ്റിയിട്ട് സർവീസ് റോഡ് വീതി കൂട്ടാൻ നിർദ്ദേശിച്ചിരുന്നു.എന്നാൽ ആഴ്ച്ചകൾ പിന്നിട്ടിട്ടും പരിഹാരമില്ല. കഴിഞ്ഞ ദിവസം ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിയിട്ടെങ്കിലും മറ്റു നിർമ്മാണങ്ങൾ പൂർത്തിയാക്കിയില്ല. ചാലക്കുടിയിലും കുരുക്കിൽ സഹികെട്ട് സനീഷ് ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ സമരത്തിനിറങ്ങിയെങ്കിലും പരിഹാരമായില്ല.
കൈമലർത്തി ദേശീപാത ഉദ്യോഗസ്ഥർ
മഴ കനത്തതോടെ തങ്ങൾക്കും ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന നിലപാടിലാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ. ഇത് കോടതിയെയും അറിയിച്ചിട്ടുണ്ടെന്നും മഴ മാറി നിന്നാൽ വേഗത്തിൽ പരിഹാരമുണ്ടാക്കാൻ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.