സ്പിന്നിംഗ് മില്ലിൽ വൻമോഷണം
Saturday 12 July 2025 12:00 AM IST
വടക്കാഞ്ചേരി: രണ്ടു വർഷത്തിലധികമായി അടച്ചുപൂട്ടി കിടക്കുന്ന വിരുപ്പാക്ക തൃശൂർ കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്ലിൽ വൻ മോഷണം. മില്ലിലെ ട്രാൻസ്ഫോർമറുകളുടെയും കംപ്രസറിന്റെയും ലോഹഭാഗങ്ങളടക്കം നാലര ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നതായി മിൽ വെൽഫെയർ ഓഫീസർ പനമണ്ണ സ്വദേശി മൊയ്തു വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2023 ഫെബ്രുവരി 6 നും 2025 ജൂൺ 30 നും ഇടയിലുള്ള കാലയളവിലാണ് മോഷണം നടന്നതെന്ന് പരാതിയിൽ പറയുന്നു. രണ്ട് ട്രാൻസ്ഫോർമറുകൾക്ക് എർത്തിങ്ങിനായി ഉപയോഗിച്ചിരുന്ന കോപ്പർ ബാറുകൾ, ന്യൂട്രൽ കംപ്രസറിന്റെ എർത്ത് ബാർ എന്നിവയാണ് മോഷണം പോയത്. വ്യാഴാഴ്ചയാണ് പരാതി നൽകിയത്. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും പൊലീസ് ശേഖരിച്ചുവരികയാണ്.