അഞ്ചു വയസുകാരന് ക്രൂരമർദ്ദനം: അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ കേസ്

Saturday 12 July 2025 12:55 AM IST

ചേർത്തല:അഞ്ചു വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ ചേർത്തല പൊലീസ് കേസെടുത്തു. കുട്ടികൾക്ക് നേരേയുളള അതിക്രമമടക്കമുള്ള വകുപ്പുകളിട്ടാണ് ചേർത്തല സ്വദേശിനി ശശികല (38), അമ്മ ലീല (63) എന്നിവർക്കെതിരെ ചേർത്തല പൊലീസ് കേസെടുത്തത്. മർദ്ദനത്തിനിരയായ കുട്ടിയെ ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തിരുന്നു. കുട്ടിയുടെ കഴുത്തിലും കാലിലും മുറിവേറ്റ പാടുകൾ കണ്ടതിനാൽ സ്‌കൂളിലെ പി.ടി.എ ഭാരവാഹികൾ ചൈൽഡ് ഹെൽപ് ലൈനിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്. രണ്ടുമാസം മുമ്പ് രണ്ടാനച്ഛനായ ഇടുക്കി സ്വദേശി ജയ്സണെ (45)കുട്ടിയെ ഉപദ്രവിച്ചെന്ന കേസിൽ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.ആലപ്പുഴ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ ജയ്സൺ കഴിഞ്ഞ മാസം മരിച്ചിരുന്നു.