ഇറങ്ങും മുമ്പ് ബസ് മുന്നോട്ടെടുത്തു; എൻജി​. വിദ്യാർത്ഥിനിക്ക് പരിക്ക്

Saturday 12 July 2025 1:57 AM IST

ആലപ്പുഴ : സ്വകാര്യ ബസിൽ നിന്ന് ഇറങ്ങാൻ ശ്രമി​ക്കുന്നതി​നി​ടെ പോസ്റ്റി​ൽ തലയി​ടി​ച്ച് വീണ് എൻജി​നിയറിംഗ് വി​ദ്യാർത്ഥി​നി​ക്ക് പരി​ക്കേറ്റു. പുന്നപ്ര സഹകരണ എൻജിനീയറിംഗ് കോളേജിലെ അവസാന വർഷ സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥിനിയായ ആലപ്പുഴ തിരുവമ്പാടി അശ്വതിയിൽ റിട്ട.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിനയകുമാറിന്റെ മകൾ ദേവികൃഷ്ണയ്ക്കാണ് തലയ്ക്ക് പരിക്കേറ്റത്.

ഇന്നലെ വൈകുന്നേരം വലിയചുടുകാട് ‌ജംഗ്ഷന് സമീപമായിരുന്നു അപകടം. ദേവീകൃഷ്ണ ക്ലാസ് കഴിഞ്ഞ് കളർകോട് സ്റ്റോപ്പിൽ നിന്ന് അൽ അമീൻ എന്ന ബസി​ൽ കയറി​. ദേവീകൃഷ്ണയ്ക്ക് ഇറങ്ങേണ്ട വലിയ ചുടുകാട് സ്റ്റോപ്പിൽ നിർത്താൻ ആവശ്യപ്പെട്ടിട്ടും ബസ് നിർത്തിയില്ല. യാത്രക്കാർ ബഹളം വെച്ചതോടെ അൽപ്പം ദൂരെ മാറി വേഗത കുറച്ചതോടെ ദേവീകൃഷ്ണ ബസ്സിൽ നിന്നിറങ്ങാൻ ശ്രമിക്കുന്നതി​നി​ടെ ബസ് വീണ്ടും വേഗതയിൽ മുന്നോട്ടെടുത്തതോടെ റോഡിലെ പോസ്റ്റിൽ തലയിടിച്ചു വീണു. ഇടിയുടെ ആഘാതത്തിൽ ബോധം പോയ വിദ്യാർത്ഥിനിയെ വാടയ്ക്കൽ സ്വദേശിയായ യുവാവാണ് ജനറൽ ആശുപത്രിയിലെത്തിച്ചത്. ഡോക്ടർമാർ 48 മണിക്കൂർ നിരീക്ഷണം ആവശ്യപ്പെട്ടിരിക്കുന്ന ദേവീകൃഷ്ണയെ വിദഗ്ദ്ധ പരിശോധനയ്ക്കായി കുടുബം ഇന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കും. സംഭവത്തിൽ ദേവീകൃഷ്ണയുടെ കുടുംബം സൗത്ത് പൊലീസിൽ പരാതി നൽകി.