ഇടപാടുകൾ ഓൺലൈൻ വഴി, ഫരീദയെയും ശിവദാസനെയും ലോഡ്‌ജിൽ നിന്ന് പൊക്കി
കൊച്ചി: എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പുകളുമായി സ്വകാര്യ ലോഡ്‌ജിൽ നിന്ന് യുവാവിനെയും യുവതിയെയും പൊലീസ് പിടികൂടി. ലക്ഷദ്വീപ് സ്വദേശിനി ഫരീദ (27), എറണാകുളം സ്വദേശി ശിവദാസൻ (25)എന്നിവരാണ് എക്സൈസിന്റെ റെയ്ഡിൽ പിടിയിലായത്. ഇവരിൽ നിന്ന് 3.738 ഗ്രാം എം.ഡി.എം.എയും 30 എൽ.എസ്.ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തു. ഓൺലൈൻ മുഖേന മയക്കുമരുന്നുകൾ വാങ്ങി വില്പന നടത്തുകയായിരുന്നു പ്രതികൾ ചെയ്തിരുന്നത്.
എറണാകുളം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീരാജിന്റെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രിവന്റിവ് ഓഫീസർ സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ ശ്രീജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സരിതാ റാണി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
അതേസമയം എറണാകുളം നോർത്ത്റെയിൽവേ സ്റ്റേഷനിലെ രണ്ടാംനമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് 6 കിലോ കഞ്ചാവുമായി അറസ്റ്റിലായ ഒഡീഷ ഗൽജാം സിദ്ധിപൂർ സ്വദേശി ബീരേന്ദ്ര ബിസ്വാളിനെയും (44). ഭാര്യ ചബിത ബിസ്വാളിനെയും (36) റിമാൻഡ് ചെയ്തു. ഇരുവരും ചേരാനല്ലൂരിൽ സെപ്റ്റിക്, കിണർ ടാങ്ക് നിർമ്മാണത്തൊഴിലാളികളാണ്. 20 കൊല്ലമായി കേരളത്തിലാണ് താമസം. മയക്കുമരുന്ന് സംഘം ഇരുവരെയും കഞ്ചാവ് കടത്തിന് ഉപയോഗിച്ചതായി പൊലീസ് സംശയിക്കുന്നു. അസമിലെ ദിബ്രുഗഡിൽ നിന്ന് ഒഡീഷ വഴി വരുന്ന ട്രെയിനിൽ വ്യാഴാഴ്ച വൈകിട്ടാണ് ദമ്പതികൾ നോർത്ത് സ്റ്റേഷനിലെത്തിയത്. ഇരുവരും കഞ്ചാവ് കടത്തിൽ തുല്യപങ്കാളികളാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. രണ്ടുപേരുടെയും കൈവശമുള്ള ബാഗിൽ കഞ്ചാവുണ്ടായിരുന്നു. ഡി.വൈ.എസ്.പി ജോർജ് ജോസഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം.