നേതാക്കൾ 75-ാം വയസിൽ വിരമിക്കണമെന്ന് ഭാഗവത്, മോദിയെ ലക്ഷ്യമിട്ടെന്ന് പ്രതിപക്ഷം

Saturday 12 July 2025 2:43 AM IST

ന്യൂഡൽഹി: 75ാം വയസിൽ പദവിയൊഴിയുമെന്ന ആർ.എസ്.എസ് സർസംഘ്ചാലക് മോഹൻ ഭാഗവതിന്റെ പ്രസ്‌താവന വിവാദത്തിൽ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള സൂചനയാണിതെന്ന് പ്രതിപക്ഷം ഏറ്റുപിടിച്ചു. സെപ്‌തംബറിൽ മോദിക്കും ഭാഗവതിനും 75 തികയും. ഇതിനിടെയാണ് നാഗ്പൂരിൽ സംഘടിപ്പിച്ച, ആർ.എസ്.എസ് സൈദ്ധാന്തികൻ മൊറൊപന്ത് പിൻഗ്ലെയെ കുറിച്ചുള്ള 'മൊറൊപന്ത് പിൻഗ്ലെ: ഹിന്ദു പുനരുത്ഥാനത്തിന്റെ ശിൽപി" എന്ന പുസ്‌തക പ്രകാശന ചടങ്ങിൽ ഭാഗവതിന്റെ പരാമർശം. '75 ആയാൽ അതിനർത്ഥം അവിടെ അവസാനിപ്പിക്കണമെന്നും മറ്റുള്ളവർക്കായി മാറി കൊടുക്കണമെന്നുമാണ്. മൊറൊപന്ത് പിൻഗ്ലെയ്‌ക്കും സമാന നിലപാടായിരുന്നു"- അദ്ദേഹം വ്യക്തമാക്കി.

അവസരം മുതലാക്കി

ആർ.എസ്.എസും ബി.ജെ.പിയും തമ്മിൽ നല്ല ബന്ധത്തിലല്ല എന്നതിന്റെ സൂചനയാണിതെന്ന് പ്രതിപക്ഷം വ്യക്തമാക്കി. മോദിക്കുള്ള ആർ.എസ്.എസിന്റെ ഉപദേശമാണെന്ന് ശിവസേന ഉദ്ദവ് വിഭാഗം എം.പി സഞ്ജയ് റൗട്ട് പ്രതികരിച്ചു. 75 പിന്നിട്ടപ്പോൾ എൽ.കെ. അദ്വാനി, മുരളീ മനോഹ‌ർ ജോഷി, ജസ്വന്ത് സിംഗ് എന്നിവരെ നിർബന്ധപൂർവം റിട്ടയർ ചെയ്യിക്കുകയായിരുന്നെന്നും പറ‌ഞ്ഞു. 2014ൽ കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ വന്ന സമയം. അന്ന് മാർഗ്‌ദർശക് മണ്ഡൽ എന്ന പാനൽ രൂപീകരിച്ച് 75 പിന്നിട്ട നേതാക്കളെ അതിലേക്ക് മാറ്റി. 11 വർഷം കഴിഞ്ഞ് ആർ.എസ്.എസ് അത്തരം കാര്യങ്ങൾ ബി.ജെ.പിയെ ഓർമ്മിപ്പിക്കുകയാണെന്ന് ശിവസേന ഉദ്ദവ് വിഭാഗം എം.പി പ്രിയങ്ക ചതുർവേദി പ്രതികരിച്ചു. ആഭ്യന്തര തർക്കങ്ങൾ ഇപ്പോൾ പരസ്യമായെന്നും കൂട്ടിച്ചേർത്തു. സെപ്‌തംബർ 17ന് താനും 75 തികയുമെന്ന് മോദി, മോഹൻ ഭാഗവതിനെ അറിയിക്കണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു. ഇരുവരും ബാഗെടുത്ത് ഓഫീസ് വിടണമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു.

വ്യക്തത വരുത്തി

ആർ.എസ്.എസ്

മൊറൊപന്ത് പിൻഗ്ലെയുടെ നിലപാട് സൂചിപ്പിക്കുക മാത്രമായിരുന്നു മോഹൻ ഭാഗവതെന്നും, മറ്റാരുമായും ബന്ധപ്പെടുത്തേണ്ടതില്ലെന്നും ആർ.എസ്.എസ്. മോദി 75-ാം വയസിൽ വിരമിക്കുമെന്ന അഭ്യൂഹങ്ങളെ 2024 മേയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തള്ളിയിരുന്നു.