കാവഡ് യാത്രയ്ക്ക് തുടക്കം
ന്യൂഡൽഹി : ശിവഭക്തർക്ക് ഏറെ പ്രധാനമായ ഈ വർഷത്തെ കാവഡ് യാത്രയ്ക്ക് ഇന്നലെ തുടക്കമായി. 23 വരെയാണ് ഹരിദ്വാർ, ഗൗമുഖ്, ഗംഗോത്രി തുടങ്ങിയ തീർത്ഥാടക കേന്ദ്രങ്ങളിലേക്ക് ഭക്തസംഘങ്ങളെത്തുക. ക്ഷേത്രദർശനത്തിനുശേഷം, ഗംഗാ നദിയിൽ നിന്ന് ജലം ശേഖരിച്ച് തങ്ങളുടെ പ്രദേശത്തെ ക്ഷേത്രങ്ങളിലേക്ക് കൊണ്ടുപോകും. പുരാണത്തിലെ പാലാഴി മഥനവുമായി ബന്ധപ്പെട്ടതാണ് കാവഡ് യാത്രയുടെ വിശ്വാസം. അമൃതകലശത്തിന് മുൻപായി കൊടുംവിഷം പുറത്തുവന്നപ്പോൾ ശിവഭഗവാൻ അതുകഴിച്ചു. കണ്ഠം നീല നിറമായി. തൊണ്ടയിൽ ബുദ്ധിമുട്ട് തോന്നിയപ്പോൾ ദേവന്മാർ ഗംഗാജലം ധാരയായി സമർപ്പിച്ച് വിഷത്തിന്റെ ദൂഷ്യഫലത്തിന് ശമനമുണ്ടാക്കിയെന്നാണ് ഐതിഹ്യം.
കാർ തകർത്തു
ഗംഗാജലം ശേഖരിച്ചു വച്ചിരുന്ന കലശങ്ങളിൽ തട്ടിയെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ തീർത്ഥാടകർ കാർ അടിച്ചു തകർത്തു. ഡ്രൈവർ രാജീവ് ശർമ്മയെ ക്രൂരമായി മർദ്ദിച്ചു. പൊലീസെത്തിയാണ് രക്ഷിച്ചത്. രാജീവ് മദ്യപിച്ചിരുന്നെന്നും ഇയാൾക്കെതിരെ കേസെടുത്തതായും യു.പി പൊലീസ് അറിയിച്ചു. വലിയ സുരക്ഷയാണ് തീർത്ഥാടകർ കടന്നുപോകുന്ന മേഖലകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 40,000ൽപ്പരം പൊലീസുകാരെ നിയോഗിച്ചു. 30,000ൽപ്പരം സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചതായി യു.പി പൊലീസ് വ്യക്തമാക്കി.