ടെന്നിസ് താരത്തിന്റെ കൊലപാതകം, വെടിയേറ്റത് 4 തവണയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കൊലപാതക കാരണത്തിൽ ദുരൂഹത
അക്കാഡമി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു
ന്യൂഡൽഹി: ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളിൽ ദുരൂഹത നിലനിൽക്കെ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മൃതദേഹത്തിൽ നാല് വെടിയുണ്ടകൾ കണ്ടെത്തിയെന്നാണ് വിവരം. നെഞ്ചിന് നേർക്കാണ് വെടിയുതിർത്തത്. മൂന്ന് തവണ വെടിയേറ്റെന്നാണ് എഫ്.ഐ.ആറിലുണ്ടായിരുന്നത്. താനാണ് കൊലപാതകം നടത്തിയതെന്ന് പിതാവ് ദീപക് യാദവ് പൊലീസിനോട് സമ്മതിച്ചിരുന്നു. ദീപക്കിനെ കോടതി ഇന്നലെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വ്യാഴാഴ്ച ഹരിയാനയിലെ ഗുരുഗ്രാം സെക്ടർ 57ലെ വീട്ടിലായിരുന്നു സംഭവം.
പരിഹാസം
താങ്ങാനാവാതെ
കൊലയ്ക്ക് പ്രേരിപ്പിച്ചതെന്താണെന്ന് കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് ഹരിയാന പൊലീസ്.
രാധിക റീൽസ് പോസ്റ്റ് ചെയ്യുന്നതിൽ നീരസമുണ്ടായിരുന്ന പിതാവ് കൊലപ്പെടുത്തുകയായിരുന്നെന്നാണ് ആദ്യഘട്ടത്തിൽ പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ, സംഭവസമയം അവിടെയുണ്ടായിരുന്ന മാതാവ് മഞ്ജുവിന്റെ മൊഴി മറ്രൊന്നാണ്. 'രാധികയുമായി പിതാവ് സ്വരച്ചേർച്ചയിലായിരുന്നില്ല. മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. ബന്ധുക്കളോട് സംസാരിക്കുന്നത് വിലക്കിയിരുന്നു. മകളുടെ ചെലവിലാണ് ജീവിക്കുന്നതെന്ന് ചിലർ പരിഹസിച്ചത് ദീപക്കിന്റെ നിയന്ത്രണം തെറ്രിച്ചിരുന്നു. കഴിഞ്ഞ മൂന്നുദിവസമായി രാധികയുടെ ടെന്നിസ് അക്കാഡമി പൂട്ടണമെന്ന് ദീപക് ആവശ്യപ്പെട്ടിരുന്നു. വഴങ്ങാതിരുന്നതോടെ കൊലപ്പെടുത്തുകയായിരുന്നു"- മഞ്ജു പൊലീസിനോട് പറഞ്ഞു.
ഇൻസ്റ്റ അക്കൗണ്ട് മരവിപ്പിച്ചു
ഒരു വർഷം മുമ്പ് ഗായകൻ ഇനാം ഉൾ ഹഖുമായി ചേർന്ന് രാധിക സ്വർണാഭരണ കടയ്‌ക്കുള്ള പരസ്യ വീഡിയോ ഇറക്കിയിരുന്നു. ഇത് പിതാവിനെ ചൊടിപ്പിച്ചിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. രാധിക മാതാവിനൊപ്പമാണ് വന്നതെന്നും, വ്യക്തിപരമായി ബന്ധമില്ലെന്നും ഗായകൻ പ്രതികരിച്ചു. വീഡിയോ റിലീസ് ചെയ്‌തതിന് പിന്നാലെ രാധിക അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മരവിപ്പിച്ചു. വീഡിയോ പ്രമോട്ട് ചെയ്യാൻ പോലും തയ്യാറായില്ലെന്നും ഇനാം പറയുന്നു.