വിഴിഞ്ഞത്ത് രണ്ടാംഘട്ട നിർമ്മാണം ഉടൻ: മന്ത്രി ആദ്യ കപ്പൽ എത്തിയിട്ട് ഒരു കൊല്ലം
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കണ്ടെയ്നർ കപ്പൽ ബർത്ത് ചെയ്തിട്ട് ഒരു വർഷം തികയുമ്പോഴേക്കും നേടിയത് വിസ്മയക്കുതിപ്പ്. കഴിഞ്ഞ ജൂലായ് 11നാണ് സാൻഫെർണാണ്ടോ കപ്പൽ വിഴിഞ്ഞത്ത് എത്തിയത്. 10,000 കോടിയിലേറെ ചെലവ് പ്രതീക്ഷിക്കുന്ന തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ഇന്ത്യയുടെ മാരിടൈം മേധാവിത്വത്തിലേക്കുള്ള പടിവാതിലായി വിഴിഞ്ഞം വളരുമെന്നും വ്യക്തമാക്കി.
വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി ആദ്യ മാസങ്ങളിൽ തന്നെ പൂർണ ശേഷിയിൽ പ്രവർത്തനം നടത്തിയ ലോകത്തെ അപൂർവം തുറമുഖങ്ങളിലൊന്നാണ് വിഴിഞ്ഞം. ഇന്ത്യയിലെ തെക്കുകിഴക്കൻ തീരത്തെ തുറമുഖങ്ങളിൽ ഒന്നാമതെത്താനുമായി.
ഫ്രെയിറ്റ് സ്റ്റേഷൻ സ്ഥാപിക്കും
1.വിഴിഞ്ഞത്ത് കണ്ടെയ്നർ ഫ്രെയിറ്റ് സ്റ്റേഷൻ (കണ്ടെയ്നർ സൂക്ഷിക്കാനുള്ള കേന്ദ്രം) സ്ഥാപിക്കുന്നതടക്കം ഷിപ്പിംഗ് മേഖലയിലെ അനുബന്ധ വികസനത്തിന് തയ്യാറെടുത്ത് പൊതുമേഖല,സ്വകാര്യ കമ്പനികൾ. ഹാർബർ റോഡിലെ 5 ഏക്കർ ഭൂമിയിലാണിത്
2. ലോജിസ്റ്റിക് പാർക്കുകൾ, ബങ്കറിംഗ് സംവിധാനം, കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം എന്നിവയും സ്ഥാപിക്കും. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള തുറമുഖ വികസനത്തിനു സർക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് അധികൃതർ