ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും പെൺ സുഹൃത്തിനും കഠിന തടവ്

Saturday 12 July 2025 1:59 AM IST

തിരുവനന്തപുരം:പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയെ പെൺ സുഹൃത്തുമായി ചേർന്ന് കൊല്ലാൻ ശ്രമിച്ച കുറ്റത്തിന് ഭർത്താവിനെയും പെൺ സുഹൃത്തിനെയും കോടതി ഏഴ് വർഷം കഠിന തടവിനും 50,000രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചു.പിഴ ഒടുക്കിയില്ലെങ്കിൽ പ്രതികൾ ഒരു വർഷം അധിക തടവ് അനുഭവിക്കണം. പോക്സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് ആയിരൂർ ചാവർകോട് കാരുണ്യം വീട്ടിൽ നളൻ, പെൺ സുഹൃത്ത് പുളിമാത്ത് പാറവിള വീട്ടിൽ സുജാത എന്നിവരെ ശിക്ഷിച്ചത്.ഭർത്താവ് പെൺ സുഹൃത്തുമായി സ്വന്തം വീട്ടിൽ വന്ന് താമസിക്കുന്നത് അറിഞ്ഞ് അത് ചോദ്യം ചെയ്യാനായി വീട്ടിലേക്കു വന്ന സമയം ഭർത്താവും പെൺ സുഹൃത്തും കൂടി പൊട്ടാസ്യം പെർമാംഗനേറ്റ് യുവതിയുടെ വായിലേയ്ക്ക് ഇട്ട് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്.ഗുരുതരമായി പൊള്ളലേറ്റ യുവതി പിന്നീട് രക്ഷപ്പെട്ടു.2-01-2015-നാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. ചെമ്മരുതി കോവൂർ അരശുവിള നയനവിലാസം സ്വദേശിനിയും പഞ്ചായത്ത് മെമ്പറുമായിരുന്ന ഗീതാ നളനെയാണ് പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ. കെ. അജിത്ത് പ്രസാദ് ഹാജരായി.