കല്ലുള്ള പുനത്തിൽ മടപ്പുര റോഡ് യാത്രക്കാരുടെ നടുവൊടിക്കുന്നു

Saturday 12 July 2025 12:06 AM IST
കല്ലുള്ള പുനത്തിൽ മുത്തപ്പൻ മടപ്പുര റോഡ്

പാനൂർ: നഗരസഭ കണ്ണംവെള്ളി വാർഡിലെ എകരത്ത് കണ്ടിയിൽ കല്ലുള്ള പുനത്തിൽ മുത്തപ്പൻ മടപ്പുര റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിന് ഇറങ്ങുന്നു. വർഷങ്ങളായി നഗരസഭ ഈ പ്രദേശത്തെ അവഗണിക്കുകയാണെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. കണ്ണംവെള്ളി കൈതയുള്ള പറമ്പത്ത് മുക്കിൽ നിന്നും ആരംഭിക്കുന്ന റോഡ് പൂക്കോം കനാലിന് സമീപം കുടിയം പുനത്തിൽ മുക്കിലാണ് അവസാനിക്കുന്നത്. സമീപകാലത്ത് വികസിച്ച ക്ഷേത്രമാണ് കല്ലുള്ളതിൽ മുത്തപ്പൻ മടപ്പുര. മടപ്പുര ഭാഗത്തേക്ക് വാഹനത്തിൽ വരാൻ സാദ്ധ്യമല്ലാതായിരിക്കുകയാണ്. വാർഡ് മെമ്പറും, നഗരസഭയും പ്രദേശത്തെ അവഗണിക്കുകയാണന്ന് നാട്ടുകാർ പറയുന്നു. ആവശ്യമായ വികസന പദ്ധതികളൊന്നും നഗരസഭാ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുന്നില്ല.

റോഡ് നവീകരണം ഇല്ലാത്തതിനാൽ ഗതാഗത യോഗ്യമല്ലാതായി കിടക്കുകയാണ്. രോഗികൾക്ക് ആശുപത്രിയിൽ പോകാനും കുട്ടികൾക്ക് വിദ്യാലയങ്ങളിൽ പോകാനും പ്രയാസമനുഭവിക്കുന്നു. വർഷങ്ങളായി നവീകരണം ഇല്ലാതെ തകർന്നു കിടക്കുന്ന റോഡാണിത്. കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രികരും ദുരിതത്തിലാണ്.

റോഡിലൂടെ മഴവെള്ളം പരന്നൊഴുകുകയാണ്. ഓവുചാലുകൾ നിർമ്മിക്കേണ്ടതുണ്ട്. കണ്ണംവെള്ളി ദേശത്തെ പഴക്കം ചെന്ന വഴിയാണിത്. ദേശവാസികൾക്ക് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ പ്രയാസം അനുഭവപ്പെടുന്നുണ്ട്.

കണ്ണംവെള്ളിയിൽ നിന്ന് പൂക്കോം കനാൽ, കാടാംകുനി, അണിയാരം ഭാഗങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാൻ കഴിയുന്ന വഴിയാണിത്. പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്തേണ്ടതുണ്ട്. റോഡ് എത്രയും വേഗം ടാർ ചെയ്‌തോ കോൺക്രീറ്റ് ചെയ്‌തോ ഗതാഗത യോഗ്യമാക്കണം.

നാട്ടുകാർ

ചെളിക്കുളമായ കനാൽ റോഡ് സഞ്ചാരയോഗ്യമാക്കി

പാനൂർ: പൂക്കോം ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രം കനാൽ റോഡ് യാത്ര ചെയ്യാൻ സാധിക്കാത്തവിധം ചെളി കുളമായതിനെ തുടർന്ന് പാനൂർ സേവാഭാരതി പ്രവർത്തകരും പൂക്കോം കാരുണ്യം ഗ്രാമസേവാ കേന്ദ്രം പ്രവർത്തകരും സംയുക്തമായി റോഡ് ഗതാഗതയോഗ്യമാക്കി. പൂക്കോം ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രം മുതൽ കടാങ്കുനി ഭാഗത്തേക്ക് പോകുന്ന കനാൽ റോഡ് കനത്ത മഴയിൽ ചെളിക്കുളമായി മാറിയിരിക്കുകയായിരുന്നു. കല്ല്, മണ്ണ്, ഹോളോബ്രിക്സ് എന്നിവ ഉപയോഗിച്ചാണ് റോഡ് വൃത്തിയാക്കിയത്. കെ.പി പ്രമോദ് കുമാർ, സി.കെ രാഹുൽ എന്നിവർ നേതൃത്വം നൽകി. താഴെ പൂക്കോത്ത് നിന്ന് കാടാങ്കുനി, കണ്ണംവെള്ളി, എലാങ്കോട്, പാലത്തായി ഭാഗത്തേക്ക് പോകാനുള്ള എളുപ്പ വഴിയാണിത്. റോഡ് എത്രയും പെട്ടെന്ന് ടാർ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.