വിമാനം പറത്തിയത് കോ-പൈലറ്റ്, ആ സ്വിച്ച് ഓഫ് ചെയ്‌തത് എന്തിനാണെന്ന് ചോദിച്ചു; അഹമ്മദാബാദ് ദുരന്തത്തിൽ നിർണായക വിവരങ്ങൾ

Saturday 12 July 2025 6:55 AM IST

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അപകടകാരണം എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയതാണ്. ടേക്ക് ഓഫിന് മുമ്പ് തന്നെ സ്വിച്ച് ഓഫായി.

കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് എന്തിനാണ് ഈ സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് കേൾക്കാം. താനല്ല ചെയ്തത് എന്നാണ് രണ്ടാമന്റെ മറുപടി. കോ - പൈലറ്റ് ക്ലൈവ് കുന്ദറാണ് വിമാനം പറത്തിയത്. പൈലറ്റ്-ഇൻ-കമാൻഡായ സുമീത് സബർവാൾ ഇത് നിരീക്ഷിക്കുകയായിരുന്നു. സബർവാൾ ബോയിംഗ് 787 വിമാനം 8600 മണിക്കൂർ പറത്തിയ പൈലറ്റാണ്. കുന്ദർ 1100 മണിക്കൂർ വിമാനം പറത്തിയ പരിചയമുള്ളയാളുമായിരുന്നു.

വെറും 32 സെക്കൻഡ് മാത്രമാണ് വിമാനം പറന്നത്. വിമാനത്തിന്റെ ഒരു എഞ്ചിൻ പ്രവർത്തിച്ചത് സെക്കൻഡുകൾ മാത്രം രണ്ടാമത്തെ എഞ്ചിൻ പ്രവർത്തിപ്പിക്കാനായില്ലെന്നും കണ്ടെത്തി. വിമാനത്തിൽ പക്ഷി ഇടിച്ചിട്ടില്ലെന്നും കാലാവസ്ഥ പ്രതികൂലമല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

രണ്ട് പേജുള്ള റിപ്പോർട്ടാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറിയത്. ആദ്യ ഘട്ടത്തിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക റിപ്പോർട്ട് തയാറാക്കിയത്. അപകടം നടന്ന് പിറ്റേദിവസം തന്നെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സമിതി രൂപീകരിക്കുകയും നാലംഗ സംഘം അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്തായിരിക്കുന്നത്. ജൂണ്‍ 12നായിരുന്നു ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫിന് പിന്നാലെ കത്തിയമര്‍ന്നത്. 260 പേരാണ് അപകടത്തിൽ മരിച്ചത്.