ബലൂചിസ്ഥാനിൽ സംഘർഷം രൂക്ഷം: 9 ബസ് യാത്രികരെ വെടിവച്ചു കൊന്നു

Saturday 12 July 2025 7:14 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സംഘർഷം രൂക്ഷം. ഇന്നലെ ഇവിടെ ബസ് യാത്രികരായ 9 പേരെ ആയുധധാരികൾ വെടിവച്ചുകൊന്നു. ബസിൽ നിന്ന് പുറത്തിറക്കിയ ശേഷം തിരിച്ചറിയൽ കാർഡ് പരിശോധിച്ച് പ്രവിശ്യാ സ്വദേശികളല്ലെന്ന് കണ്ടെത്തിയവരെയാണ് വധിച്ചത്. കൊല്ലപ്പെട്ടവരെല്ലാം പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ളവരാണ്. ഷോബ് പട്ടണത്തിലെ ദേശീയ പാതയിലായിരുന്നു സംഭവം.

ക്വെറ്റയിൽ നിന്ന് ലാഹോറിലേക്ക് പോവുകയായിരുന്നു ബസ്. പാക് സർക്കാരിനെതിരെ പോരാടുന്ന ബലൂച് വിമതരാണ് ആക്രമണത്തിന് പിന്നിൽ. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു ഗ്രൂപ്പും ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. എന്നാൽ, ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് (ബി.എൽ.എഫ്)​ ആകാമെന്ന് കരുതുന്നു.

സ്വതന്ത്ര ബലൂചിസ്ഥാൻ രാഷ്ട്രത്തിനു വേണ്ടി പോരാടുന്ന വിവിധ സായുധ ഗ്രൂപ്പുകളിൽ പ്രബലരായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ (ബി.എൽ.എ) സഖ്യ കക്ഷികളാണ് ഇവർ. 'ഓപ്പറേഷൻ ബാം" എന്ന പേരിൽ ബുധനാഴ്ച മുതൽ ബി.എൽ.എഫ് പ്രവിശ്യയിൽ ആക്രമണങ്ങൾ നടത്തുകയാണ്. ക്വെറ്റ, ലൊറാലായ്, മസ്തംഗ് നഗരങ്ങളിൽ ആക്രമങ്ങൾ റിപ്പോർട്ട് ചെയ്തു.

നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ സംബന്ധിച്ച് വ്യക്തതയില്ല. സുരക്ഷാ സേനയുടെ ചെക്ക് പോസ്റ്റുകൾ, പൊലീസ് സ്റ്റേഷനുകൾ, ബാങ്കുകൾ പോലെ സർക്കാർ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങൾ എന്നിവയാണ് ബി.എൽ.എഫ് പ്രധാനമായും ലക്ഷ്യമിടുന്നത്. ബി.എൽ.എഫിനെ അടിച്ചമർത്താൻ സുരക്ഷാ സേനയും ദൗത്യം തുടങ്ങി.