അഞ്ചു വർഷത്തിനുശേഷം ചൈന സന്ദർശനത്തിന് എസ്. ജയശങ്കർ

Saturday 12 July 2025 7:33 AM IST

ന്യൂഡൽഹി : അഞ്ചു വർഷത്തിനു ശേഷം ചൈന സന്ദർശനത്തിന് വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കർ. 14, 15 തീയതികളിലായി തിയാൻജിനിൽ നിശ്ചയിച്ചിരിക്കുന്ന വിദേശകാര്യമന്ത്രിമാരുടെ ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിൽ പങ്കെടുക്കാനാണ് പോകുന്നത്. 2020ൽ ചൈനയുമായി ബന്ധം വഷളായതിനു ശേഷം ഇതാദ്യമായാണ് വിദേശകാര്യ മന്ത്രിയുടെ ചൈന സന്ദർശനം. പിന്നീട് ഇരുരാജ്യങ്ങളും നയതന്ത്ര തലത്തിൽ ചർച്ചകൾ നടത്തി മഞ്ഞുരുക്കിയിരുന്നു. ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെ ഒൻപത് സ്ഥിര അംഗരാജ്യങ്ങൾ അടങ്ങുന്നതാണ് ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ.