സിസിടിവി കണ്ടില്ല! ക്ഷേത്രത്തിലെത്തിയ യുവതിയുടെ ഐഫോണും പണവും കവർന്ന പ്രതിയെ കയ്യോടെ പൊക്കി

Saturday 12 July 2025 7:34 AM IST

തിരുവനന്തപുരം: നഗരത്തിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതിയുടെ ഫോണും പണവും കവർന്ന മോഷ്ടാവിനെ പിടികൂടി പൊലീസ്. കഴിഞ്ഞ മാസം 26നായിരുന്നു മോഷണം നടന്നത്. പിഎംജിയിലെ ഹനുമാൻ ക്ഷേത്രത്തിൽ തൊഴാനെത്തിയ യുവതിയുടെ ബാഗിൽ നിന്ന് മോഷണം നടത്തിയ അതിയന്നൂർ കുഴിവിള തെങ്കവിള സ്വദേശി സനൽ കുമാർ (50) ആണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്.

ക്ഷേത്ര ദർശനം നടത്താനെത്തിയ പെൺകുട്ടിയുടെ ബാഗിൽ നിന്ന് 70,000 രൂപ വില വരുന്ന ആപ്പിൾ ഐ ഫോണും സാംസംഗ് ഗാലക്സി 113 ഫോണും 10,000 രൂപയും മോഷ്ടിച്ചെന്നാണ് പൊലീസിൽ ലഭിച്ച പരാതി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സനൽ കുമാർ അറസ്റ്റിലാകുന്നത്. പതിനഞ്ചോളം മോഷണ കേസിൽ പ്രതിയായ സനൽ, മുമ്പും സമാന രീതിയിൽ മോഷണം നടത്തി അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികളിലാണ് പൊലീസ്. എസിപി സ്റ്റുവെർട്ട് കീലറിന്റെ നേതൃത്വത്തിൽ സിഐ വിമൽ, എസ്‌ഐമാരായ വിപിൻ, ബാല സുബ്രഹ്മണ്യം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.