കാരറ്റ് ഹൽവ രുചിച്ച് ശുഭാംശു  മടക്കം 14ന്

Saturday 12 July 2025 7:34 AM IST

ന്യൂയോർക്ക്: ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിഭവമായ കാരറ്റ് ഹൽവയുടെ രുചി ബഹിരാകാശത്തെത്തിച്ച് ഇന്ത്യൻ ഗഗനചാരി ശുഭാംശു ശുക്ള. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വച്ച് കാരറ്റ് ഹൽവ ആസ്വദിച്ച ശുഭാംശു,​ സഹസഞ്ചാരികളുമായി വിഭവം പങ്കുവച്ചു. നിലയത്തിലെ സഞ്ചാരികൾ വ്യത്യസ്ത ഭക്ഷണ വിഭവങ്ങൾ പങ്കിടുന്നതിന്റെ ചിത്രങ്ങൾ സഞ്ചാരികളിൽ ഒരാളായ നാസ ഗവേഷകൻ ജോണി കിം പുറത്തുവിട്ടു. ശുഭാംശു അടക്കം 11 പേരാണ് ഇപ്പോൾ നിലയത്തിലുള്ളത്.

അതേസമയം, ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി നിലയത്തിലെത്തിയ ശുഭാംശു അടക്കമുള്ള നാല് പേരുടെ മടങ്ങിവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. 14ന് ഇന്ത്യൻ സമയം വൈകിട്ട് 4.35ന് ഇവരുമായി ക്രൂ ഡ്രാഗൺ പേടകം നിലയത്തിൽ നിന്ന് അൺ ഡോക്ക് ചെയ്യപ്പെടും. തുടർന്ന് 17 മണിക്കൂർ കൊണ്ട് പസഫിക് സമുദ്രത്തിൽ ലാൻഡ് ചെയ്യും. ജൂൺ 26നാണ് ഡ്രാഗൺ പേടകത്തിൽ ശുഭാംശുവും സംഘവും ബഹിരാകാശ നിലയത്തിലെത്തിയത്.