ബന്ദികളുടെ മോചനം --- വൈകാതെ കരാറിലെത്തിയേക്കും: നെതന്യാഹു
വാഷിംഗ്ടൺ : ഗാസയിൽ ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കാനുള്ള കരാർ ഏതാനും ദിവസങ്ങൾക്കുള്ളിൽ യാഥാർത്ഥ്യമായേക്കും എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഏകദേശം 50 ബന്ദികളാണ് ഗാസയിലുള്ളത്. ഇതിൽ 20 ഓളം പേർ മാത്രമാണ് ജീവനോടെയുള്ളത്.
ജീവനോടെയുള്ള 10 ബന്ദികളെയും 12 ബന്ദികളുടെ മൃതദേഹങ്ങളെയും വിട്ടുകിട്ടുന്നതിനുള്ള കരാറിനായാണ് നിലവിൽ ചർച്ച നടക്കുന്നതെന്നും നെതന്യാഹു വ്യക്തമാക്കി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച 60 ദിവസത്തെ വെടിനിറുത്തൽ പ്രാബല്യത്തിൽ വരുത്താൻ മദ്ധ്യസ്ഥ രാജ്യങ്ങളുടെ നേതൃത്വത്തിൽ ഖത്തറിൽ ഇസ്രയേൽ-ഹമാസ് പരോക്ഷ ചർച്ചകൾ തുടരുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രതികരണം.
ട്രംപുമായുള്ള വെടിനിറുത്തൽ ചർച്ചകൾക്കായി തിങ്കളാഴ്ച യു.എസിലെത്തിയ നെതന്യാഹു ഇന്നലെ ഇസ്രയേലിലേക്ക് മടങ്ങി. അതേ സമയം, 20ഓളം പേരാണ് ഇന്നലെ ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ആകെ മരണം 57,780 കടന്നു.