തെരുവുനായ്‌ക്കൾ മനുഷ്യനെ ഓടിച്ചിട്ട് കടിക്കില്ല, കോഴിയിറച്ചിയും ചോറും നൽകാൻ പദ്ധതിയിട്ട് കോർപറേഷൻ
ബംഗളൂരു: തെരുവുനായ്‌ക്കൾ ഏത് നാട്ടിലും മനുഷ്യർക്ക് ബുദ്ധിമുട്ടാണ്. പാവത്തെപ്പോലെ വഴിയിൽ കിടക്കുന്ന അവ രാത്രിയിൽ വാഹനത്തിന് പിന്നാലെ കുരച്ച് പാഞ്ഞുവരുന്നത് മിക്ക നഗരങ്ങളിലും ഇരുചക്ര വാഹനയാത്രക്കാർക്ക് ഭീഷണിയാണ്. ഗ്രാമങ്ങളിലും സ്ഥിതി വ്യത്യസ്‌തമല്ല. എന്നാൽ ഇപ്പോൾ തെരുവുനായ ശല്യമകറ്റാൻ പ്രത്യേകം പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് ബംഗളൂരു കോർപറേഷൻ. നഗരത്തിലുള്ള 5000 നായകൾക്ക് സസ്യേതര ഭക്ഷണം നൽകാനാണ് പ്ളാൻ. ഒരു നായയ്‌ക്ക് പ്രതിദിനം 22.42 രൂപയാണ് ഇപ്രകാരം കോർപറേഷൻ മുടക്കാൻ പോകുന്നത്. വർഷം 2.9 കോടി രൂപയാണ് ചെലവ്. 150 ഗ്രാം കോഴിയിറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയിൽ എന്നിവയാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. ചോറും ചിക്കനും നൽകി നായ്‌ക്കളിലെ അക്രമവാസന കുറയ്‌ക്കാനാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്.
അനിമൽ വെൽഫെയർ ബോർഡിന്റെ നിർദ്ദേശവും മൃഗസംരക്ഷണ മാർഗരേഖയും അനുസരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ഇതിലൂടെ തെരുവുനായ്‌ക്കളുടെ അക്രമാസക്തി കുറയ്‌ക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബിബിഎംപി സ്‌പെഷ്യൽ കമ്മിഷണർ സുരാൽകർ വ്യാസ് പറഞ്ഞു. നഗരത്തിൽ എട്ട് സോണുകളിലായി 36 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ സോണിലും നൂറ് മുതൽ 125 കേന്ദ്രങ്ങളുണ്ടാകും. ഇവിടെയാണ് ഭക്ഷണവിതരണം. കോർപറേഷൻ നടപ്പാക്കുന്ന പദ്ധതി എത്രകണ്ട് വിജയമാകും എന്നത് കണ്ടറിയേണ്ട കാര്യമാണ്. ആദ്യഘട്ടമായി 5000 നായകൾക്ക് ആഹാരം നൽകുന്നത്. ബംഗളൂരു നഗരത്തിൽ ആകെ 2.8 ലക്ഷം തെരുവുനായ്‌ക്കളുണ്ടെന്നാണ് കണക്ക്. മൃഗസ്‌നേഹികൾ ഈ നീക്കത്തെ സ്വാഗതം ചെയ്‌തിരിക്കുകയാണ്. ഇന്ത്യയിലാദ്യമായാണ് ഒരു നഗരസഭ ഇത്തരത്തിൽ തെരുവുനായ്‌ക്കൾക്ക് ആഹാരം നൽകുന്നതെന്ന് ബിബിഎംപി അധികൃതർ അവകാശപ്പെട്ടു.