ലക്ഷ്യങ്ങളെ അതിവേഗം തരിപ്പണമാക്കും, ഇന്ത്യയുടെ പുതിയ ആകാശക്കരുത്ത്
ന്യൂഡൽഹി: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ ടു എയർ മിസൈൽ (അസ്ത്ര)വിജയകരമായി പരീക്ഷിച്ച് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). ഒഡീഷയിലെ ചാന്ദ്‌പൂർ തീരത്ത് ഇന്നലെയായിരുന്നു വിക്ഷേപണം. വ്യോമസേനയുടെ സഹായത്തോടെ നടത്തിയ പരീക്ഷണത്തിൽ കൃത്യതയോടെ ലക്ഷ്യങ്ങൾ നശിപ്പിക്കാന്‍ അസ്ത്ര മിസൈലുകൾക്ക് സാധിച്ചതായി ഡിആര്‍ഡിഒ എക്സിലൂടെ അറിയിച്ചു. വ്യോമപ്രതിരോധ രംഗത്തെ ഇന്ത്യയുടെ നിർണായക നീക്കമായാണ് അസ്ത്രയെ പരിഗണിക്കുന്നത്.
സുഖോയ്-30 എം കെ-1-ന് സമാനമായ പ്ലാറ്റ്‌ഫോമിൽ നിന്നാണ് അസ്ത്രയുടെ വിക്ഷേപണം നടത്തിയത്. ആളില്ലാത്ത വ്യോമസംവിധാനങ്ങളെ അതിവേഗം അസ്ത്ര വിജയകരമായി തകർത്തു. ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യുന്നതിനും എതിരിടുന്നതിനുമായി തദ്ദേശീയമായി വികസിപ്പിച്ച റേഡിയോ ഫ്രീക്വന്‍സി സീക്കറും അസ്ത്രയില്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഡിആർഡിഒ അറിയിച്ചു.
ഡിആര്‍ഡിഒ വികസിപ്പിച്ച അസ്ത്ര ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ശേഷിയുടെ വികസനത്തിലെ നാഴികക്കല്ലായാണ് വിലയിരുത്തുന്നത്.100 കിലോമീറ്ററിലധികം ദൂരപരിധിയുള്ള അസ്ത്രയില്‍ നൂതന ഗതിനിർണയ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുളളത്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക് ലിമിറ്റഡ് ( എച്ച്എഎല്‍) അടക്കമുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഡിആര്‍ഡിഒ അസ്ത്ര മിസൈൽ വികസിപ്പിച്ചെടുത്തത്.
അസ്ത്ര മിസൈൽ വിക്ഷേപണവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പ്രതികരിക്കുകയുണ്ടായി. പ്രതിരോധ സാങ്കേതികവിദ്യയിലെ നാഴികക്കല്ലായ പരീക്ഷണമാണ് അസ്ത്ര മിസൈൽ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പരീക്ഷണത്തിന്റെ ഭാഗമായവരെയും ടീ ഡിആര്‍ഡിഒ ചെയര്‍മാന്‍ ഡോ. സമീര്‍ വി കാമത്തിനെയും മന്ത്രി അഭിനന്ദിച്ചു.