പാകിസ്ഥാനി നടിയുടെ അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ

Saturday 12 July 2025 12:32 PM IST

ഇസ്‌ലാമാബാദ്: അപ്പാർട്ട്‌മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 32കാരിയായ നടിയുടെ മൃതദേഹം അഴുകുന്നതിന്റെ അവസാനത്തെ ഘട്ടങ്ങളിലായിരുന്നുവെന്ന് ഫോറൻസിക് വിദഗ്ദ്ധർ സ്ഥിരീകരിച്ചു. പ്രധാന അവയവങ്ങളെല്ലാം തിരിച്ചറിയാൻ കഴിയാത്തവിധത്തിലായി. മുഖഘടനകൾ തിരിച്ചറിയാൻ സാധിക്കാത്ത വിധമായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ശരീരത്തിന്റെ ചില ഭാഗങ്ങളിൽ പേശികലകൾ പൂർണമായും ഇല്ലാതായ നിലയിലായിരുന്നു. സ്‌പർശിക്കുമ്പോൾ അസ്ഥികൾ ശിഥിലമാകുന്ന അവസ്ഥ. 'ഓട്ടോലൈസിസ്' മൂലം തലച്ചോറിലെ ദ്രവ്യം പൂർണമായും വിഘടിക്കുകയും ആന്തരികാവയവങ്ങൾ കറുത്ത നിറത്തിലാവുകയും ചെയ്തു. സന്ധികളിലെ തരുണാസ്ഥി ഇല്ലായിരുന്നു. എന്നാൽ, അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല. മൃതദേഹത്തിന്റെ അരികിലായി പ്രാണികളുണ്ടായിരുന്നു. ഇത് നടി മരിച്ച സമയത്തെ പാരിസ്ഥിതിക സാഹചര്യങ്ങൾ നിർണയിക്കാൻ സഹായിക്കും. തലയും നട്ടെല്ലും കേടുകൂടാത്ത നിലയിലായിരുന്നുവെങ്കിലും ശരീരം വളരെയധികം ജീർണിച്ചതിനാൽ സുഷുമ്‌ന നാഡി ഉണ്ടായിരുന്നില്ല. ശരീരത്തിൽ, പ്രത്യേകിച്ച് മുടിയിഴകളിലായി ബ്രൗൺ നിറത്തിലെ പ്രാണികളുണ്ടായിരുന്നു, എന്നാൽ പുഴുക്കളുടെ സാന്നിദ്ധ്യമില്ലായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. മൃതശരീരം വളരെയധികം അഴുകി നിലയിലായതിനാൽ മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഒൻപത് മാസങ്ങൾക്ക് മുമ്പ് അതായത് കഴിഞ്ഞ വർഷം ഒക്‌ടോബറിലാകാം നടിയുടെ മരണം സംഭവിച്ചിട്ടുണ്ടാകുകയെന്നാണ് നിഗമനം. 2024 ഒക്‌ടോബറിലാണ് നടി അവസാനമായി ഫോൺ വിളിച്ചത്. കഴിഞ്ഞ സെപ്തംബറിലോ ഒക്ടോബറിലോ ആണ് നടിയെ അയൽക്കാർ അവസാനമായി കണ്ടതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ബില്ല് അടയ്ക്കാത്തതിനാൽ 2024 ഒക്ടോബറിൽ ഹുമൈറയുടെ അപ്പാർട്ട്‌മെന്റിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. തൊട്ടടുത്ത അപ്പാർട്ട്‌മെന്റിൽ ആളില്ലായിരുന്നു, അതിനാൽ ദുർഗന്ധം വമിച്ചത് ആരും അറിഞ്ഞില്ല. ഫെബ്രുവരിയിൽ ചില താമസക്കാർ തിരിച്ചെത്തിയപ്പോൾ, ദുർഗന്ധം മാറിയിരുന്നു. നടിയുടെ ബാൽക്കണിയിലെ വാതിലുകളിൽ ഒന്ന് തുറന്നിരിക്കുകയായിരുന്നു. വാടക നൽകാത്തതുകൊണ്ട് വീട്ടുടമസ്ഥൻ പരാതി നൽകിയതിനെ തുടർന്ന് ഈ ആഴ്‌ച ആദ്യം പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് ഹുമൈറയുടെ മൃതദേഹം കണ്ടെത്തിയത്.