ഭർത്താവിന്റെ ഫോണിൽ കാമുകനുമായുള്ള നഗ്നചിത്രങ്ങൾ, ഫോൺ കൈക്കലാക്കാൻ യുവതിയുടെ വേറിട്ട 'ക്വട്ടേഷൻ'
ന്യൂഡൽഹി: കാമുകനുമൊത്തുള്ള നഗ്നചിത്രങ്ങൾ ഭർത്താവിന്റെ ഫോണിൽ നിന്ന് നീക്കം ചെയ്യാൻ ഭാര്യയയുടെ പരാക്രമം. തെക്കൻ ഡൽഹിയിലെ സുൽത്താൻപുരിലാണ് ഞെട്ടിക്കുന്ന സംഭവം. സ്വകാര്യ ചിത്രങ്ങൾ ഇല്ലാതാക്കാൻ ഭർത്താവിന്റെ ഫോൺ മോഷ്ടിക്കാൻ രണ്ട് ഗുണ്ടകളെ യുവതി ഏർപ്പാട് ചെയ്യുകയായിരുന്നു.
ജൂൺ 19നാണ് കേസിനാസ്പദമായ സംഭവം. തന്റെ ഭർത്താവിന്റെ ദിവസവുമുള്ള യാത്രാറൂട്ട് ക്വട്ടേഷൻ സംഘത്തിന് യുവതി നൽകുന്നു. പറഞ്ഞുറപ്പിച്ച പോലെ സ്കൂട്ടറിലെത്തിയ ഇവർ ഫോൺ മോഷ്ടിച്ചു. ബൈക്കിൽ മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേർ തന്റെ ഫോൺ കവർന്നതായി ഭർത്താവ് പൊലീസിൽ പരാതി നൽകിയതോടെയാണ് സ്വന്തം ഭാര്യയാണ് ഇതിനു പിന്നിലെന്ന് അറിയുന്നത് .
തന്റെ പ്രണയം മറച്ചുവയ്ക്കാൻ യുവതിയാണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സ്‌കൂട്ടറിന്റെ രജിസ്ട്രേഷൻ നമ്പർ പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെ വാഹനം വാടകയ്‌ക്കെടുത്ത ദര്യഗഞ്ചിലേക്ക് അന്വേഷണം എത്തുകയായിരുന്നു.
അവിടെ വച്ച് വാഹനത്തിന്റെ വാടക രേഖകളും ആധാർ വിശദാംശങ്ങളും ഉപയോഗിച്ചാണ് പ്രതികളിലൊരാളെ പൊലീസ് പിടികൂടിയത്. രാജസ്ഥാനിലെ ബാർമറിൽ വച്ചാണ് അങ്കിത് ഗഹ്‌ലോട്ട് (27) എന്നയാളെ ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തത്. രണ്ടാമത്തെ പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ക്വട്ടേഷൻ നൽകിയതിന് യുവതിക്കെതിരെയും പൊലീസ് കേസെടുത്തു.