മംഗളൂരുവിൽ റിഫൈനറിയിൽ വാതകചോർച്ച, കോഴിക്കോട് സ്വദേശിയടക്കം രണ്ടുപേർ മരിച്ചു

Saturday 12 July 2025 5:02 PM IST

മംഗളൂരു: വിഷവാതകം ശ്വസിച്ച് കോഴിക്കോട് സ്വദേശിയടക്കം രണ്ടുപേർ മരിച്ചു. ഒരാൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. മംഗളൂരു റിഫൈനറി ആന്റ് പെട്രോകെമിക്കൽസ്‌‌ ലിമിറ്റഡിലാണ് (എംആർപിഎൽ) സംഭവം. കോഴിക്കോട് സ്വദേശി ബിജിൽ പ്രസാദ് (33), ഉത്തർപ്രദേശ് പ്രയാഗ്‌രാജ് സ്വദേശിയായ ദീപ് ചന്ദ്ര (33) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അത്യാഹിതം ഉണ്ടായത്.

റിഫൈനറിയിലെ ടാങ്കിലെ തകരാർ പരിശോധിക്കാൻ കയറിയതാണ് ബിജിൽ പ്രസാദും ദീപ് ചന്ദ്രയും. പിന്നീട് ഇവരെ ബോധരഹിതരായി കണ്ടെത്തി. ഇവർക്ക് പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സ്ഥിരീകരിച്ചു. ഇവർ ബോധരഹിതരായത് കണ്ട് രക്ഷിക്കാൻ ടാങ്കിലിറങ്ങിയ ഗഡഗ് സ്വദേശി വിനായക് മഗേരിയും ബോധരഹിതനായി. ഇദ്ദേഹത്തെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനായകിന്റെ ആരോഗ്യസ്ഥിതി നിലവിൽ ഗുരുതരമല്ല എന്നാണ് വിവരം.

സംഭവത്തെക്കുറിച്ചന്വേഷിക്കാൻ ഗ്രൂപ്പ് ജനറൽ മാനേജർമാരടങ്ങുന്ന ഉന്നതതല കമ്മിറ്റി രൂപീകരിച്ചെന്ന് എംആർ‌പിഎൽ ചീഫ് ജനറൽ മാനേജർ ഡോ.റുഡോൾഫ് വിജെ നൊറോണ പറഞ്ഞു. ഹൈഡ്രജൻ സൾഫൈഡ് വാതകമാണ് ചോർന്നതെന്നും ചെറിയതോതിലുള്ള ചോർച്ചയേ ഉണ്ടായുള്ളു എന്നും മംഗളൂരു പൊലീസ് അറിയിച്ചു. പ്രദേശം ഇപ്പോൾ സുരക്ഷിതമാണ്. വാതകചോർച്ചയ്‌ക്ക് ഇടയാക്കിയ യഥാർ‌ത്ഥ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്.