ആൺകുട്ടികളുടെ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വഴിത്തിരിവ്; മകൾ ഓട്ടോയിൽ നിന്ന് വീണതെന്ന് പിതാവ്

Saturday 12 July 2025 6:23 PM IST

കൊൽക്കത്ത: ആൺകുട്ടികളുടെ ഹോസ്റ്റലിൽ യുവതി ലൈംഗിക പീ‌ഡനത്തിനിരയായ സംഭവത്തിൽ വഴിത്തിരിവ്. യുവതി ലെെംഗിക പീഡനത്തിനിരയായിട്ടില്ലെന്ന് പിതാവ് പറഞ്ഞു. തന്റെ മകൾ ഓട്ടോറിക്ഷയിൽ നിന്ന് വീണതാണെന്നാണ് പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. കൊൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് മാനേജ്‌മെന്റിൽ (ഐഐഎം) ഇന്നലെ രാത്രിയാണ് യുവതി പീഡനത്തിന് ഇരയായതെന്നാണ് ആദ്യം പുറത്തുവന്ന വിവരം. യുവതിയുടെ പരാതിയിൽ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിലായിരുന്നു. പിന്നാലെയാണ് ഇപ്പോൾ പിതാവിന്റെ പ്രതികരണം വന്നിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രി 9.34ന് തന്റെ മകൾ ഒരു ഓട്ടോറിക്ഷയിൽ നിന്ന് വീണ് ബോധം നഷ്ടപ്പെട്ടുവെന്നും മകളെ എസ്എസ്കെഎം ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെന്നും പിതാവ് പറഞ്ഞു. ലെെംഗികാതിക്രമം നടന്നിട്ടില്ലെന്ന് മകൾ തന്നോട് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. പൊലീസാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.

'എന്റെ മകളോട് ഞാൻ സംസാരിച്ചു. ആരും തന്നെ പീഡിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്ന് അവൾ പറഞ്ഞു. അറസ്റ്റിലായ ആളുമായി അവൾക്ക് ഒരു ബന്ധവുമില്ല. അവൾ ഇപ്പോൾ ഉറങ്ങുകയാണ്. ഒരു ഡോക്യൂമെന്റ് സമർപ്പിക്കാൻ പോയതാണ് '- പിതാവ് പറഞ്ഞു. മകൾക്ക് പരിക്കുണ്ടോയെന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മകൾ പൂർണമായും ആരോഗ്യവതിയാണന്നും അദ്ദേഹം മറുപടി നൽകി.

കോളേജ് ഹോസ്റ്റലിൽ കൗൺസലിംഗ് സെഷനുവേണ്ടി വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. വിദ്യാർത്ഥി നൽകിയ പാനീയം കുടിച്ചതോടെ അബോധാവസ്ഥയിലായി. പാനീയത്തിൽ മയക്കുമരുന്ന് കലർത്തിയിട്ടുണ്ടായിരുന്നു. ബോധം തിരികെ ലഭിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞതെന്നും യുവതി പരാതിയിൽ പറയുന്നു.