നിയമക്കുരുക്കിൽ കുരുങ്ങി റേഷൻ മണ്ണെണ്ണ വിതരണം

Sunday 13 July 2025 12:51 AM IST

കോട്ടയം : മൊത്ത വ്യാപാരകടകളിൽ നിന്ന് മണ്ണെണ്ണ എടുക്കാത്ത റേഷൻ കട ഉടമകൾക്കെതിരെ നിയമ നടപടി എടുക്കാനുള്ള സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് വ്യാപാരികളുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെ വിതരണം അനിശ്ചിതത്വത്തിൽ. കേസിൽ തീർപ്പുകൽപ്പിക്കും വരെ നടപടി എടുക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കോടതി തീരുമാനം നീണ്ടാൽ ഏപ്രിൽ - ജൂൺ ക്വാർട്ടറിലേക്ക് കേന്ദ്ര സർക്കാർ അനുവദിച്ച മണ്ണെണ്ണ ക്വാട്ട നഷ്ടമായേക്കും. പെട്രോളും ഡീസലും കൊണ്ടു പോകുന്ന ടാങ്കറുകളിൽ മണ്ണെണ്ണ കൊണ്ടുപോകാനാവില്ല. വീപ്പകളിൽ കൊണ്ടുപോയാൽ മോട്ടോർവാഹനവകുപ്പ് പിഴ അടയ്ക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് അരി എത്തിക്കുന്നതുപോലെ റേഷൻകടകളിൽ എത്തിക്കണമെന്ന് ഉടമകൾ ആവശ്യപ്പെടുന്നത്. എന്നാൽ സർക്കാർ ഇത് അംഗീകരിച്ചില്ലെന്ന് മാത്രമല്ല നിയമ നടപടിക്ക് സർക്കാർ ജില്ലാ സപ്ലൈ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

മൊത്ത വ്യാപാര കടകൾ പൂട്ടി

കാഞ്ഞിരപ്പള്ളി, വൈക്കം, കോട്ടയം, ചങ്ങനാശേരി താലൂക്കുകളിൽ മണ്ണെണ്ണ മൊത്ത വ്യാപാര കടകൾ പൂട്ടി. മീനച്ചിൽ താലൂക്കിൽ കുറവിലങ്ങാട്ടെ മൊത്തവ്യാപാരിയും വില്പന അവസാനിപ്പിച്ചതോടെ ജില്ലയിൽ മണ്ണെണ്ണ വിതരണം ചെയ്യാൻ ആളില്ലാതായി. ഇതോടെ ജില്ലയിലെ 9674 റേഷൻ കടക്കാർ എവിടപ്പോയി മണ്ണെണ്ണ എടുക്കുമെന്നതിന് അധികൃതർക്ക് ഉത്തരമില്ല.

കേന്ദ്രം അനുവദിച്ചത് : 5676 കിലോലിറ്റർ മണ്ണെണ്ണ

''സർക്കാർ തീരുമാനത്തിനെതിരെയാണ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ടാങ്കർ ലോറിയുമായി മറ്റു ജില്ലകളിൽ പോയി മണ്ണെണ്ണയെടുത്താൽ ചെലവ് കാശ് ലഭിക്കില്ല. റേഷൻ കടകളിൽ മണ്ണെണ്ണ എത്തിക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നത് അതിനാലാണ്.

കെ.കെ ശിശുപാലൻ (ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി )