പാശ്ചാത്യ മാദ്ധ്യമങ്ങളുടെ വായ്‌ത്താരി

Sunday 13 July 2025 4:08 AM IST

ഇന്ത്യയെ വിലകുറച്ച് കാണുകയും സന്ദർഭം ലഭിക്കുമ്പോഴൊക്കെ പരിഹസിക്കുകയും ചെയ്യുന്നത് പാശ്ചാത്യ മാദ്ധ്യമങ്ങൾക്ക് ഒരു വിനോദമാണ്. ഇന്ത്യയുടെ ചൊവ്വയിലേക്കുള്ള മംഗൾയാൻ ദൗത്യത്തെ പരിഹസിച്ചുകൊണ്ട് ന്യൂയോർക്ക് ടൈംസ് പത്രം കാർട്ടൂൺ പ്രസിദ്ധീകരിക്കുകയുണ്ടായി. കോട്ടും ടൈയും കെട്ടിയ സായിപ്പന്മാർ മാത്രം അംഗങ്ങളായ സമ്പന്നരുടെ സ്‌പെയ്സ് ക്ളബിന്റെ വാതിൽക്കൽ പശുവിനെയും പിടിച്ച് ഒരു കർഷകൻ വന്നുനിൽക്കുന്നതായി ചിത്രീകരിച്ച കാർട്ടൂൺ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വായനക്കാരുടെ പരാതി കണക്കിലെടുത്ത് ന്യൂയോർക്ക് ടൈംസ് പിന്നീട് ഇതിൽ ഖേദം പ്രകടിപ്പിക്കുകയുണ്ടായി. ഇന്ത്യയുടെ ചൊവ്വയിലേക്കുള്ള ദൗത്യം ആദ്യ പരീക്ഷണത്തിൽ തന്നെ വിജയം വരിച്ചിരുന്നു. അമേരിക്കയ്ക്കും സോവിയറ്റ് യൂണിയനും കഴിയാത്ത നേട്ടമാണത്. അതിൽ അഭിനന്ദിച്ചില്ലെങ്കിലും പരിഹസിക്കാൻ പാടില്ലായിരുന്നു.

അതുപോലെതന്നെ പഹൽഗാമിൽ 27 പേരെ വെടിവച്ച് കൊന്നവരെ ഭീകരരെന്ന് വിശേഷിപ്പിക്കാനും ബി.ബി.സി ഉൾപ്പെടെയുള്ള ചില പാശ്ചാത്യ മാദ്ധ്യമങ്ങൾ തയ്യാറായില്ല. എന്നാൽ ഭീകരരെ അയച്ച പാകിസ്ഥാനിൽ ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി തിരിച്ചടി നൽകിയപ്പോൾ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് അവർ നൽകിയത്. ഇന്ത്യയുടെ തിരിച്ചടി മറ്റൊരു രാജ്യത്ത് കടന്നുകയറിയുള്ള ആക്രമണമായാണ് ന്യൂയോർക്ക് ടൈംസ്, റായിട്ടേഴ്സ്, ബി.ബി.സി, സി.എൻ.എൻ തുടങ്ങിയ പാശ്ചാത്യ മാദ്ധ്യമ ഭീമന്മാർ ചിത്രീകരിച്ചത്. അതേസമയം വെറും നാല് ദിവസത്തിനുള്ളിൽ പാകിസ്ഥാനിലെ ഒൻപത് ഭീകരകേന്ദ്രങ്ങളും പ്രധാനപ്പെട്ട വ്യോമത്താവളങ്ങളുമൊക്കെ തകർത്ത ഇന്ത്യയുടെ മിന്നൽ പ്രഹരത്തെ താഴ്ത്തിക്കെട്ടാൻ റഫേൽ വിമാനം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു എന്ന വ്യാജ വാർത്തയ്ക്ക് പ്രാധാന്യം നൽകിയതിലൂടെ അവർ ശ്രമിച്ചു. 9/11 ആക്രമണത്തിലൂടെ അമേരിക്കയെ വിറപ്പിച്ച ഒസാമ ബിൻ ലാദൻ എന്ന ഭീകര നേതാവിന് ഒളിയിടം ഒരുക്കിക്കൊടുത്ത രാജ്യമാണ് പാകിസ്ഥാൻ. ഇന്ത്യയിൽ നടന്നിട്ടുള്ള ചെറുതും വലുതുമായ പല ഭീകരാക്രമണങ്ങളിലും പാകിസ്ഥാന്റെ ചാരസംഘടനയായ ഐ.എസ്.ഐ നേരിട്ട് ചുക്കാൻ പിടിച്ചിട്ടുണ്ട്. ഇതിന്റെ തെളിവുകൾ ഇന്ത്യ പലപ്പോഴായി പുറത്തുവിട്ടിട്ടുണ്ടെങ്കിലും അതിനൊന്നും പാശ്ചാത്യ മാദ്ധ്യമങ്ങൾ പ്രാധാന്യം നൽകാറില്ല. ബിൻ ലാദനെ വധിക്കാനുള്ള ഓപ്പറേഷനിൽ അമേരിക്കൻ സൈന്യം മൂന്ന് ഹെലിക്കോപ്ടറുകൾ ഉപയോഗിച്ചിരുന്നു. ഇതിൽ ഒന്ന് അബോട്ടാബാദിൽ ലാൻഡ് ചെയ്യുമ്പോൾ അപകടമുണ്ടായി തകരുകയും ചെയ്തു. എന്നാൽ ഇത് ഉയർത്തിക്കാട്ടി ലാദൻ വധത്തിന്റെ വീരസാഹസികത കുറച്ച് കാണിക്കാൻ ഒരു മാദ്ധ്യമവും ശ്രമിച്ചില്ല. അത് അങ്ങനെ തന്നെയാണ് വേണ്ടത്.

യുദ്ധത്തിലും ആക്രമണങ്ങളിലുമൊക്കെ യുദ്ധവിമാനങ്ങളും വെടിക്കോപ്പുകളുമൊക്കെ നഷ്ടപ്പെടുന്നത് അസ്വാഭാവികമല്ല. ഇതൊന്നും അറിയാത്തവരല്ല പാശ്ചാത്യ മാദ്ധ്യമങ്ങളെ നയിക്കുന്നവർ. പക്ഷേ, ഇന്ത്യയെ പോലൊരു 'ദരിദ്ര" രാജ്യത്തിന് ഇതൊന്നും കഴിയില്ല എന്ന മുൻവിധിയാണ് അവർക്കുള്ളത്. ഇക്കാരണത്താലാണ് ഇന്ത്യയുടെ നേട്ടങ്ങൾപോലും നമ്മളെ പരിഹസിക്കാനുള്ള അവസരങ്ങളാക്കി അവർ മാറ്റുന്നത്. ഇവരുടെ ഇത്തരം പ്രചാരണങ്ങളുടെ മുന ഒടിക്കുന്ന ചോദ്യമാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മദ്രാസ് ഐ.ഐ.ടിയിലെ ബിരുദദാന ചടങ്ങിൽ പ്രസംഗിക്കവെ ചോദിച്ചത്. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് നാശനഷ്ടമുണ്ടായെന്ന് തെളിയിക്കുന്ന ഒരു ഫോട്ടോ എങ്കിലും കാണിക്കാനുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത്. പാകിസ്ഥാൻ അത് ചെയ്തു, ഇത് ചെയ്തു എന്നൊക്കെ ന്യൂയോർക്ക് ടൈംസ് പോലുള്ള മാദ്ധ്യമങ്ങൾ പറയുന്നു. അതിന് തെളിവെവിടെ എന്നാണ് ഡോവൽ ചോദിച്ചത്. ഇന്ത്യൻ ഭാഗത്ത് ഒരു ഗ്ളാസ് പാളിയെങ്കിലും തകർന്നത് കാണിച്ചുതരൂ എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും വെല്ലുവിളിയും പാശ്ചാത്യ മാദ്ധ്യമങ്ങളുടെ വായടയ്ക്കാൻ പോന്നതാണ്.