കുട്ടികൾ സ്വതന്ത്രരും ആഹ്ളാദ ചിത്തരുമാകട്ടെ...

Sunday 13 July 2025 3:11 AM IST

വിദ്യാലയങ്ങളിലും വിദ്യാഭ്യാസത്തിലും കാലികമായ മാറ്റം അനിവാര്യമാണ്. അത് ആരാലും തടയാനാവില്ല. കാലം പുരോഗമിക്കുന്തോറും അതിവേഗം വിദ്യാഭ്യാസരംഗം മാറിക്കൊണ്ടേയിരിക്കും. കുട്ടികളുടെ ബൗദ്ധിക നിലവാരം ഉയർത്തി നിറുത്താനും മാനസിക പിരിമുറുക്കമില്ലാതെ പഠിക്കാനും കുട്ടികളെ തയ്യാറാക്കേണ്ടതിന്റെ ഉത്തരവാദിത്വം സർക്കാരിനും അദ്ധ്യാപകർക്കുമാണ്. വ്യത്യസ്തങ്ങളായ ജീവിതാന്തരീക്ഷത്തിൽ നിന്നും എത്തിച്ചേരുന്ന കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷം ആഹ്ളാദകരമാക്കിത്തീർക്കാൻ പലതരത്തിലുള്ള വിനോദങ്ങളും ആവശ്യമാണ്. സംസ്ഥാന സർക്കാർ വി​ദ്യാർത്ഥി​കളുടെ മാനസി​ക, ശാരീരി​ക സൗഖ്യം ലക്ഷ്യമി​ട്ട് നടപ്പാക്കുന്ന സൂംബ ഡാൻസി​ന്റെ പേരി​ൽ ഉയർന്ന വിമർശനങ്ങൾ തി​കച്ചും അനാവശ്യമായെന്നു തന്നെ പറയേണ്ടി​വരും. എന്തിനും ഏതിനും നാം മതത്തെ കൂട്ടുപിടിക്കേണ്ട ആവശ്യമില്ല- വിദ്യാലയത്തേയും വിദ്യാഭ്യാസത്തേയും മതവിമുക്തമായി കണ്ടാൽ മതി. പതിറ്റാണ്ടുകൾക്ക് മുമ്പ് സ്കൂളുകളിൽ ഒരു പിരീഡ് ഡ്രിൽ ഉണ്ടായിരുന്നു. അതുകൊണ്ട് യാതൊരു ഗുണവും ആർക്കും ഉണ്ടായിട്ടില്ല. ഇന്നത്തെ കുട്ടികൾ ഭാഗ്യവാന്മാരാണ് അവർക്ക് ആധുനികവും ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള കലാ സാംസ്കാരിക മൂല്യങ്ങളുമായി ബന്ധപ്പെടാനാവുന്നുണ്ടല്ലോ?

കുട്ടികളുടെ വിനോദോപാധിയായി മാത്രം സൂംബ ഡാൻസിനെ കണ്ടാൽപ്പോരേ? ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ ശാരീരിക മാനസിക ക്ഷമതയ്ക്ക് സൂംബ നൃത്തം പരിശീലിക്കുന്നുണ്ട്. കുഞ്ഞുമക്കൾ വിദ്യാലയത്തിലെങ്കിലും സ്വതന്ത്രരും ആഹ്ളാദ ചിത്തരുമാകട്ടെ. പാട്ടിന്റെയും സംഗീത ഉപകരണങ്ങളുടേയും സഹായത്തോടെ ചടുലവും മന്ദവുമായ ചുവടുകളും ചലനങ്ങളും കൊണ്ട് അമിതമായ ഊർജം കത്തിച്ചു കളയാനും രക്ത ഓട്ടത്തിനും ടെൻഷൻ കുറയ്ക്കാനും മനസിനെ ആഹ്ളാദകരമാക്കാനും സഹായിക്കുന്നതു മാത്രമല്ല, കൂട്ടുകാർക്കൊപ്പം ചുവടുവയ്ക്കുമ്പോൾ അന്തർമുഖരായ കുട്ടികളുടെ സഭാകമ്പം മാറാനും സഹായിക്കും.

കുട്ടികളുടെ ആഹ്ളാദകരമായ പരിപാടികളിൽ, അവരുടെ ആരോഗ്യകരമായ വിനോദങ്ങളിൽ വലിയവരുടെ എല്ലാത്തരത്തിലുമുള്ള ഇടപെടലുകൾ ഒഴിവാക്കുന്നതു തന്നെയാണ് നല്ലത്. പരീക്ഷാ പേടിയും ഓർമ്മക്കുറവും വീട്ടിലെ സാഹചര്യവും മൂലം വിഷാദ രോഗത്തിലേയ്ക്കും ആത്മഹത്യയിലേക്കും ഒളിച്ചോട്ടങ്ങളിലേക്കും ഒടുവിൽ മയക്കുമരുന്നിന്റെ പിടിയിലാകാതിരിക്കാനും വഴിയൊരുക്കുന്ന ഇത്തരം കലാവിനോദോപാധികളിൽ മുതിർന്നവരുടെ വിശ്വാസങ്ങളും മതനിയമങ്ങളും കൊണ്ടുവരാതിരിക്കുന്നതല്ലേ നല്ലത്.

വിദ്യാർത്ഥിയുടെ ശാരീരിക വളർച്ചയ്ക്കും ഒരു പരിധിയുണ്ട്. ആരോഗ്യമാണ് പ്രധാനം. ബുദ്ധിയെപ്പോലും കൂടുതൽ ഭാരപ്പെടുത്തരുത്. മതത്തിന്റെയോ നിറത്തിന്റെയോ ജാതിയുടേതോ ആയ യാതൊരടയാളങ്ങളും കുട്ടികളിൽ കുത്തിനിറക്കരുത്. ആരോഗ്യകരമായ വിനോദോപാധികൾ ഏതും കുട്ടികളുടെ മാനസി​ക ഊർജ്ജത്തെ ആരോഗ്യകരമായ രീതിയിൽ തിരിച്ചുവിടുന്നതിന് മുതിർന്നവർ എന്തിന് വിലക്കുമായിറങ്ങണം?

പുതി​യ ലോകം ടെക്നോളജി​യുടേതാണ്. കി​ന്റർഗാർട്ടൻ കുട്ടി​കൾ വരെ അതി​നോട് ഇണങ്ങി​ക്കഴിഞ്ഞു. നാളെ ക്ളാസ് മുറി​കൾ പോലും വി​ദ്യാഭ്യാസത്തി​ൽ അന്യമായേക്കാം. കൃത്രി​മ ബുദ്ധി​യുടെ കാലത്ത് പഴഞ്ചൻ നി​ലപാടുകളുമായി​ വരുന്നവരെ പുതി​യ തലമുറ അവരുടെ മനസി​ൽ നി​ന്നേ ഡി​ലീറ്റു ചെയ്യുമെന്ന് തി​രി​ച്ചറി​വി​ല്ലാത്തവരാണ് സൂംബാ ഡാൻസ് തുടങ്ങി​യ വി​ഷയങ്ങളുമായി​ വരുന്നത്. പഠനത്തി​ന്റെയും കുടുംബങ്ങളി​ലെയും സമ്മർദ്ദങ്ങളുടെ ഇരകളാണ് ഇന്നത്തെ കുട്ടി​കൾ. അവരുടെ മാനസി​ക വളർച്ചയെയും സാമൂഹ്യബന്ധങ്ങളെപ്പോലും ഇത്തരം സമ്മർദ്ദങ്ങൾ സ്വാധീനി​ക്കുന്നുണ്ട്. സൂംബാ ഡാൻസി​നെപ്പോലെ നി​ർദോഷമായ വിനോദോപാധികൾ കൂടുതലായി കുട്ടികൾക്ക് മുന്നിലേക്ക് അവതരിപ്പിക്കാനുള്ള ഉത്തരവാദിത്തം വിദ്യാഭ്യാസ വകുപ്പിനും സ്കൂളുകൾക്കും അദ്ധ്യാപകർക്കും രക്ഷകർത്താക്കൾക്കുമുണ്ട്. കുട്ടികളിൽ ആരോഗ്യത്തിന്റെ പുഞ്ചിരി വിരിയട്ടെ. അവർ ഒരുമിച്ച് ചുവടുകൾ വയ്ക്കട്ടെ. ആടട്ടെ പാടട്ടെ. അതിലൂടെ സ്വാതന്ത്ര്യത്തിന്റെതായ ഒരു ഹൃദയം രൂപപ്പെടുകയാണ്. ഇത് ഒരിക്കലും വിദ്യാർത്ഥിയിൽ മതിഭ്രമം സൃഷ്ടിക്കില്ല.

(വർക്കല ശി​വഗി​രി​ മഠത്തി​ന് കീഴി​ലെ എറണാകുളം ശ്രീശങ്കരാനന്ദാശ്രമം സെക്രട്ടറി​യാണ് ലേഖകൻ. ഫോൺ​: 94468 66831)