നഗരത്തിൽ വീണ്ടും തെരുവ് നായ ആക്രമണം

Saturday 12 July 2025 9:01 PM IST

കണ്ണൂർ: പയ്യാമ്പലം ഭാഗത്തുള്ള തില്ലേരി മിലിട്ടറി ആശുപത്രിക്ക് സമീപത്ത് വച്ച് മൂന്നുപേർക്ക് കൂടി തെരുവുനായയുടെ കടിയേറ്റു. ചിത്ര (65), ഷബ്‌നം (26), ദീക്ഷിത്ത് (15) എന്നിവർക്കാണ് കടിയേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പയ്യാമ്പലം ഭാഗത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന തമിഴ്നാട് സ്വദേശികളുടെ കുട്ടിക്ക് പേവിഷബാധയേറ്റ് മരിച്ചതിന് പിന്നാലെയാണ് വീണ്ടും പ്രദേശത്ത് തെരുവുനായകളുടെ ആക്രമണമുണ്ടായത്. തെരുവുനായകൾ മൂലം പയ്യാമ്പലം മേഖലയിൽആളുകൾക്ക് നടന്നുപോകാൻ വരെ സാധിക്കാത്ത സാഹചര്യമാണ്.നഗരത്തിൽ തെരുവ്‌നായ ആക്രമണം രൂക്ഷമായി തുടരുമ്പോഴും പ്രതിരോധ സംവിധാനങ്ങൾ ഇതുവരെ ഒരുക്കിയിട്ടില്ല. കഴിഞ്ഞമാസം രണ്ടുദിവസത്തിനിടയിൽ 80ഓളം പേർക്കാണ് കടിയേറ്റത്. നേരത്തെ പേയിളകിയ നായയുടെ കടിയേറ്റ മറ്റ് നായകൾക്ക് പേയിളകാനുള്ള സാദ്ധ്യതയുടെ അടിസ്ഥാനത്തിൽ നഗരത്തിൽ അതീവജാഗ്രത പുലർത്തണമെന്ന് വെറ്റിനറി വിദഗ്ധർ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.