അതിവർഷം ചതിച്ചു; വൈക്കോൽക്ഷാമത്തിൽ വലഞ്ഞ് ക്ഷീരമേഖല
കണ്ണൂർ: അതിശക്തമായ മഴയെ തുടർന്നുണ്ടായ വൈക്കോൽക്ഷാമം ക്ഷീരമേഖലയ്ക്ക് തിരിച്ചടിയാകുന്നു. കനത്ത മഴയിൽ വൈക്കോൽ നശിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. തുടർച്ചയായ മഴയെ തുടർന്ന് പശുക്കളെ പുറത്തിറക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കർഷകർ. കാലിത്തീറ്റ വിലയിലെ വർദ്ധനവ് കൂടിയാകുമ്പോൾ പശുവളർത്തൽ തന്നെ ഉപേക്ഷിക്കേണ്ടിവരുമെന്നാണ് ഇവരിൽ പലരും പറയുന്നത്.
ഇരിക്കൂർ,പടിയൂർ,ഉളിക്കൽ എന്നിടിങ്ങളിലെല്ലാം കർഷകർ പ്രതിസന്ധിയിലാണ്.ഇക്കുറി മഴ നേരത്തെ എത്തിയതിനാൽ വൈക്കോൽ സൂക്ഷിക്കാനാകാതെ വൻതോതിൽ നശിച്ചു പോവുകയായിരുന്നു.തീറ്റപ്പുല്ലിന് ക്ഷാമം നേരിടുന്നതും കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്.
കനത്ത മഴയായതുകൊണ്ട് നെൽകർഷകർക്ക് രണ്ടാംവിളയുടെ കച്ചികൾ ശേഖരിക്കാൻ സാധിച്ചിരുന്നില്ല.പലയിടത്തും പാടശേഖരങ്ങളിൽ വെള്ളം കയറി വലിയ കൃഷിനാശം തന്നെയുണ്ടായി. കനത്ത മഴയെത്തുടർന്ന് തമിഴ്നാട്ടിൽ നിന്നും വൈക്കോൽ എത്തുന്നില്ല. വൈക്കോലിന് 50 രൂപ വരെ ഇതിനകം വർദ്ധിച്ചിട്ടുമുണ്ട്. കെട്ടിന് 350 മുതൽ 400 ആണ് വില.
യന്ത്രങ്ങളാണ്, കെട്ടുകളാക്കാൻ ആളുവേണം
നേരത്തെ തൊഴിലാളികൾ കൊയ്തും മെതിയും നടത്തിയിരുന്ന ഘട്ടത്തിൽ വൈക്കോൽ കെട്ടുകളാക്കി ഉടമകൾക്ക് ലഭിക്കുമെന്ന സൗകര്യമുണ്ടായിരുന്നു.എന്നാൽ യന്ത്രം ഉപയോഗിച്ചുള്ള കൊയ്തിൽ വൈക്കോൽ കെട്ടി ശേഖരിക്കുന്നതിനു ബുദ്ധിമുട്ടുണ്ട്. കെട്ടുകളാക്കാൻ സൗകര്യമില്ലാത്ത യന്ത്രങ്ങളാണു ഭൂരിഭാഗം പഞ്ചായത്തുകളിലും ഉപയോഗിക്കുന്നത്. ഇതെ തുടർന്ന് മെതിക്ക് ശേഷം വൈക്കോൽ പാടത്ത് തന്നെ ഇടുകയാണു പതിവ്. ഉണങ്ങിക്കഴിഞ്ഞാൽ കെട്ടുകളാക്കി കൊണ്ടുപോകാറാണ് പതിവ്.
താങ്ങാനാകാതെ കാലിത്തീറ്റ വില
കാലിത്തീറ്റ വിലയിൽ അനുദിനം വർദ്ധിക്കുന്നതും ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്നു. കാലിത്തീറ്റ സബ്സിഡിയും കൃത്യമായി ലഭിക്കുന്നില്ല.കേരളഫീഡ്സ് ഉൾപ്പെടെയുള്ള കമ്പനികളും കാലിത്തീറ്റക്ക് വില കൂട്ടിത്തുടങ്ങി. പുറത്തുനിന്നുള്ള കാലിത്തീറ്റയ്ക്ക് 120 രൂപയിലധികം വില വർദ്ധിച്ചു. കാലിത്തീറ്റ നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃതവസ്തുക്കളുടെ വില വർദ്ധിക്കുന്നുവെന്നാണ് കാരണമായി പറയുന്നത്. സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റയ്ക്കും വില ഉയരുകയാണ്. പരുത്തിപ്പിണ്ണാക്ക്,കടലപ്പിണ്ണാക്ക്,ചോളം തുടങ്ങിയവയുടെ വിലയും കൂടി.