ഒരു ഡെസേർട്ടിന്റെ വില 85,860 രൂപ; അതിനൊരു കാരണമുണ്ട്
ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും ഡെസേർട്ടുകൾ ഇഷ്ടപ്പെടുന്നവരെ കാണാം. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും പ്രിയപ്പെട്ട ഡെസേർട്ടിനെ പല രുചികളിലും രൂപത്തിലുമൊക്കെ ലഭിക്കും. അക്കൂട്ടത്തിൽ ഏറെ സവിശേഷതകളുള്ള ഒരു ഡെസേർട്ടാണ് 'ഗോൾഡൻ ഒപ്യുലൻസ് സൺഡേ". ഏറ്റവും വിലപിടിപ്പുള്ള ഡെസേർട്ടുകളിൽ ഒന്നാണ് ഗോൾഡൻ ഒപ്യുലൻസ് സൺഡേ. 1000 ഡോളറാണ് (ഏകദേശം 85,860 രൂപ ) ഇതിന്റെ വില.!
ന്യൂയോർക്ക് സിറ്റിയിലെ സെറെൻഡിപിറ്റി 3 എന്ന റെസ്റ്റോറന്റിലാണ് ഈ വിശിഷ്ട ഡെസേർട്ട് പിറവിയെടുത്തത്. നേർത്ത 23 കാരറ്റ് ഗോൾഡ് ലീഫുകൾ, തഹിതിയൻ വനില ഐസ്‌ക്രിം, മഡഗാസ്‌കർ വനില തുടങ്ങിയവയാണ് ഡെസേർട്ടിലെ പ്രധാന ചേരുവകൾ. തീർന്നില്ല, ലോകത്തെ ഏറ്റവും വിലയേറിയതും അപൂർവവുമായ ഇറ്റാലിയൻ ഡാർക്ക് ചോക്ലേറ്റ്, പാരീസിൽ നിന്നുള്ള കാൻഡീഡ് ഫ്രൂട്ട്സ് തുടങ്ങിയവും ഗോൾഡൻ ഒപ്യുലൻസിന്റെ ആഡംബരത്തിന് മാറ്റ് കൂട്ടുന്നു.
ഡെസേർട്ടിന്റെ മുകളിൽ അലങ്കരിച്ചിരിക്കുന്ന പഞ്ചസാര പൂക്കൾ വരെ സ്വർണം പൂശിയതാണ്.! അതേ സമയം, ലോകത്തെ ഏറ്റവും വിലയേറിയ ഡെസേർട്ട് എന്ന ഗിന്നസ് റെക്കാഡ് സെറെൻഡിപിറ്റി 3 തന്നെ തയ്യാറാക്കിയ ഫ്രോസൻ ഓട്ട് ചോക്ലേറ്റ് ഐസ്ക്രീം സൺഡേയ്ക്കാണ്. 25,000 ഡോളർ (21,46,400 രൂപ) ആണ് ഇതിന്റെ വില. ലോകത്തെ ഏറ്റവും വിലയേറിയ കോക്കോയും ഭക്ഷ്യയോഗ്യമായ 23 ക്യാരറ്റ് സ്വർണവും ഇതിൽ അടങ്ങിയിരിക്കുന്നു.
ഡയമണ്ടുകളാൽ അലങ്കരിച്ച സ്വർണ സ്പൂൺ ആണ് ഇതിനൊപ്പം ലഭിക്കുന്നത്. ഈ ഡയമണ്ടുകൾ കസ്റ്റമേഴ്സിന് സ്വന്തമാക്കാം. ന്യൂയോർക്കിലെ ആഡംബര ആഭരണ നിർമ്മാതാക്കളായ യൂഫോറിയയുമായി സഹകരിച്ചാണ് ഇത് നിർമ്മിച്ചത്. 2008ലാണ് ഈ ഡെസേർട്ടിന് ഗിന്നസ് റെക്കാഡ് ലഭിച്ചത്. 2004 മുതൽ 2007 വരെ ഗോൾഡൻ ഒപ്യുലൻസിനായിരുന്നു ഈ റെക്കാഡ്.