വയലാർ ഗാനത്തിന്റെ 50ാം വാർഷികം ആഘോഷിച്ചു

Sunday 13 July 2025 2:56 AM IST

തിരുവനന്തപുരം: ഒരു കാലഘത്തിന്റെ അദ്ഭുതവും മലയാളത്തിന്റെ അഭിമാനവുമായിരുന്ന വയലാർ രാമവർമ്മയ്ക്കും അദ്ദേഹത്തിന്റെ പാട്ടുകൾക്കും ഒരിക്കലും മരണമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു. വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വയലാർ എഴുതിയ 'ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി' എന്ന ഗാനത്തിന്റെ 50-ാം വാർഷികവും വയലാർ രാമവർമ്മ മഹിളാ വേദിയുടെ ഒന്നാം വാർഷികവും നന്ദാവനം പ്രൊഫ.എൻ.കൃഷ്ണപിള്ള ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊട്ടാരം വിൽക്കാനുണ്ട് എന്ന ചിത്രത്തിനുവേണ്ടി തയാറാക്കിയ ഈ ഗാനത്തിന് വയലാർ പറഞ്ഞുകൊടുത്ത് ഒ.എൻ.വി എഴുതിയെടുത്തെന്ന പ്രത്യേകതയുണ്ടെന്നും കടകംപള്ളി പറഞ്ഞു.

വയലാർ രാമവർമ്മ മഹിളാവേദി പ്രസിഡന്റ് സതി തമ്പി അദ്ധ്യക്ഷയായി. മുൻ മേയർ കെ. ചന്ദ്രിക സാംസ്‌കാരി വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, ട്രഷറർ മുക്കംപാലമൂട് രാധാകൃഷ്ണൻ,സാംസ്‌കാരിക വേദി കൺവീനർ ജി.വിജയകുമാർ,ഗോപൻ ശാസ്തമംഗലം എന്നിവർ സംസാരിച്ചു. ദേവീ കന്യാകുമാരി ഉൾപ്പെടെ നിരവധി മലയാള സിനിമകളിൽ അഭിനയിച്ച ഗുരുഗോപിനാഥിന്റെ മകൾ വിനോദിനി,രാഗിണി പണിക്കർ,മേഘ ഗോപൻ,വൈഷ്ണവി.പി.എസ്,എസ്.ആർ.സീതാലക്ഷ്മി എന്നിവരെ ചടങ്ങിൽ ആദരിച്ചു.