മരിച്ചിട്ടും നീതി ലഭിക്കാതെ

Sunday 13 July 2025 3:56 AM IST

ആദിവാസികളെ മനുഷ്യരായി പോലും ഭരണകൂടവും പൊതുസമൂഹവും പരിഗണിക്കാത്തൊരു ലോകത്താണ് ആദിവാസികൾ ജീവിക്കുന്നതെന്നത് ബോദ്ധ്യപ്പെടാൻ അട്ടപ്പാടിയിലെ മധുവിന്റേതടക്കം നിരവധി വർത്തമാനകാല അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. അക്കൂട്ടത്തിൽ ഒന്ന് മാത്രമായി മാറുകയാണ് വനവിഭവം ശേഖരിക്കാൻ ഭർത്താവിനും മക്കൾക്കുമൊപ്പം കാട്ടിലേക്ക് പോയശേഷം മരിച്ച നിലയിൽ കണ്ടെത്തിയ പീരുമേട് പ്ലാക്കത്തടം ഊരിലെ ആദിവാസി വീട്ടമ്മ സീത (42). സീതയുടെ മരണം കാട്ടാന ആക്രമണം മൂലമാണെന്ന് ബന്ധുക്കൾ പറയുമ്പോൾ നരഹത്യയാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പൊലീസ് ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരുത്താത്തതാണ് സീത മരിച്ച് ഒരു മാസമായിട്ടും ദുരൂഹത നീങ്ങാത്തതിന് കാരണം. ജൂൺ 13ന് മീൻമുട്ടി വനത്തിനുള്ളിലാണ് സ്ത്രീ കൊല്ലപ്പെട്ടത്. സീത കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നെന്ന് സംഭവസമയം ഒപ്പമുണ്ടായിരുന്ന വനംവകുപ്പ് താത്കാലിക ജീവനക്കാരൻ കൂടിയായ ഭർത്താവ് ബിനുവും രണ്ടു മക്കളും പറയുന്നു. എന്നാൽ 14ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ പീരുമേട് താലൂക്ക് ആശുപത്രിയിലെ അസി. സർജൻ ആദർശ് രാധാകൃഷ്ണൻ സീത മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്നും നരഹത്യയാണെന്നും വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. മൃതദേഹത്തിൽ മൽപിടുത്തത്തിന്റെ പാടുകളും പലതവണ തല മരമോ കല്ലോ പോലുള്ള പരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചതിന്റെയും ലക്ഷണങ്ങൾ കണ്ടെന്നുമായിരുന്നു കണ്ടെത്തൽ. അന്ന് തന്നെ മരണം കാട്ടാന ആക്രമണത്തിലാണോയെന്ന് സംശയമുണ്ടെന്ന് കോട്ടയം ഡി.എഫ്.ഒയും പറഞ്ഞതോടെ ഭർത്താവ് ബിനു സംശയ നിഴലിലായി. ബിനു കസ്റ്റഡിയിലാണെന്നും ഇയാളുടെ കള്ളം പൊളിഞ്ഞെന്നുമുള്ള തരത്തിൽ വാർത്തകൾ വരികയും ചെയ്തു. പൊലീസ് ഇതെല്ലാം നിഷേധിക്കുകയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടാതെ കൊലപാതകമാണെന്ന് സ്ഥിരീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. തുടർന്ന് 16ന് സംഭവം നടന്ന വനപ്രദേശത്ത് പൊലീസ്, വനം വകുപ്പ്, ഫോറൻസിക് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരശോധനയിൽ കാട്ടാന ആക്രമണം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. സീതയും കുടുംബവും വനത്തലേക്ക് കൊണ്ടുപോയ അരി ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ ആന നശിപ്പിച്ചതായും കണ്ടെത്തി. ഫോറൻസിക് റിപ്പോർട്ടും ഇക്കാര്യം സ്ഥിരീകരിച്ചു. തുടർന്ന് പീരുമേട് ഡിവൈ.എസ്.പി വിശാൽ ജോൺസന്റെ നേതൃത്വത്തിൽ രണ്ട് എസ്.എച്ച്.ഒമാരെ ഉൾപ്പെടുത്തി കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ഏൽപ്പിച്ചു. എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണം മുമ്പോട്ടു കൊണ്ടു പോകാനാകാത്ത സ്ഥിതിയിലായി പൊലീസ്. ഇതിനിടെ പോസ്റ്റ്‌മോർട്ടം ചെയ്ത അസി. സർജൻ ആദർശ് രാധാകൃഷ്ണൻ അനധികൃതമായി അവധിയിൽ പോയി. തുടർന്ന് ഇയാൾക്കെതിരെ ആരോഗ്യവകുപ്പ് വകുപ്പുതല നടപടി ആരംഭിച്ചു. ഈ അന്വേഷണത്തോടും സഹകരിക്കാത്ത ഡോക്ടർ 28ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് മെഡിക്കൽ റെക്കോഡ്സ് ലൈബ്രറിയ്ക്ക് സമർപ്പിച്ചു. അവിടെ നിന്ന് 30നാണ് പൊലീസിന് റിപ്പോർട്ട് ലഭിക്കുന്നത്. ഈ റിപ്പോർട്ടിലും സീതയുടെ മരണം നരഹത്യയാകാനുള്ള സാദ്ധ്യത ആവർത്തിച്ചിട്ടുണ്ടെന്നാണ് സൂചന. അതേസമയം, പൊലീസ് വിശദമായി അന്വേഷണം നടത്തിയിട്ടും കൊലപാതകമാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് സൂചന. എന്നാൽ, സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും സീതയ്ക്ക് നീതി ലഭിക്കാത്തിനെതിരെ ആദിവാസി സംഘടനകളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ശക്തമാണ്. ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും തുടക്കത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചെങ്കിലും ഇപ്പോൾ എല്ലാം അവസാനിച്ച മട്ടാണ്.

സമൂഹത്തിൽ ഒറ്റപ്പെട്ട് കുടുംബം

പൊതുസമൂഹത്തിൽ, സീതയുടെ ഭർത്താവ് ബിനുവും പ്രായപൂർത്തിയാകാത്ത കുട്ടികളുമടക്കം കൊലപാതകികളായി മുദ്രകുത്തപ്പെട്ടു. 12 വയസുള്ള ആൺകുട്ടിയ്ക്ക് സ്‌കൂളിൽ പോകാൻ പോലും കഴിയുന്നില്ല. ഇത്രനാളായിട്ടും കുട്ടിയ്ക്ക് കൗൺസിലിംഗ് കൊടുക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ല. മരണത്തിൽ വ്യക്തത വരാത്തതിനാൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ ലഭിക്കേണ്ട നഷ്ടപരിഹാരവും കുടുംബത്തിന് ലഭിച്ചിട്ടില്ല.

പിന്നിൽ രഹസ്യ അജണ്ടയെന്ന്

സീതയുടെ മരണം കാട്ടാനയുടെ ആക്രമണമാണോ കൊലപാതകമാണോ എന്ന് വ്യക്തത വരുത്താതെ നീട്ടിക്കൊണ്ടു പോകുന്നതിൽ വനംവകുപ്പിന്റെ രഹസ്യ അജണ്ട ഉണ്ടോയെന്ന് സംശയിക്കുന്നതായി ആദിവാസി ഏകോപനസമിതി ഭാരവാഹികൾ പറയുന്നു. സംഭവം നടന്ന മീൻമുട്ടി വനത്തിൽ കാട്ടാന ആക്രമണത്തിന്റെ ലക്ഷണങ്ങളുണ്ടായിട്ടും ഇവിടെ കാട്ടാനയുടെ സാന്നിദ്ധ്യമില്ലെന്നും സീതയുടെ മരണം കൊലപാതകമാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരുന്നതിന് മുമ്പേ കോട്ടയം ഡി.എഫ്.ഒയും വനം മന്ത്രിയും വെളിപ്പെടുത്തിയതിൽ ഗൂഢാലോചനയുണ്ട്. ഇതിന് പിന്നിൽ സർക്കാരിൽ നിന്ന് സീതയുടെ കുടുംബത്തിന് ലഭിക്കേണ്ട നഷ്ടപരിഹാരം നൽകാതിരിക്കാനും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഈ വിഷയം ചർച്ചയാകാതിരിക്കാനുമായിരുന്നു. ഡി.എഫ്.ഒ സംഭവസ്ഥലം സന്ദർശിക്കാതെ പോസ്റ്റ്‌മോർട്ടം ഫോറൻസിക് റിപ്പോർട്ടുകളും പൊലീസ് നിഗമനങ്ങളും വരുന്നതിനു മുമ്പേ ഇതൊരു കൊലപാതകമാണെന്ന് പ്രഖ്യാപനം നടത്തിയത് ഗുരുതരമായ കുറ്റമാണ്. കുറ്റക്കാരായ മന്ത്രി രാജിവയ്ക്കുകയും കോട്ടയം ഡി.എഫ്.ഒയെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ഗൂഢാലോചനയിൽ പങ്കുചേർന്ന മുഴുവൻ വ്യക്തികളെയും സ്ഥാപനത്തെയും ശിക്ഷാനടപടികൾക്ക് വിധേയമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

സ‌ർജനെതിരെ നടപടിയുണ്ടാകും

ആദിവാസി സ്ത്രീ വനത്തിനുള്ളിൽ മരിച്ച് രണ്ടാഴ്ചയിലേറെ കഴിഞ്ഞിട്ടും പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പോലും നൽകാത്ത അസി. സർജൻ ആദർശ് രാധാകൃഷ്ണനെതിരെ ആരോഗ്യവകുപ്പ് നടപടിയുണ്ടാകുമെന്ന് ഉറപ്പായി. മരണം നടന്ന് 17 ദിവസം കഴിഞ്ഞാണ് പോസ്റ്റ്മോ‌‌ർട്ടം റിപ്പോർട്ട് പൊലീസിന് ലഭിച്ചത്. ഇത് പൊലീസ് അന്വേഷണം വൈകാൻ കാരണമായി. സംഭവത്തിൽ ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പീരുമേട് താലൂക്ക് ആശുപത്രിയിലെത്തി ജീവനക്കാരിൽ നിന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിൽ സർജനെതിരെ വ്യക്തമായ തെളിവ് ലഭിച്ചതായാണ് സൂചന. ബന്ധുക്കളുടെയും രാഷ്ട്രീയപാർട്ടികളുടെയും പ്രതിഷേധത്തെ തുടർന്ന് ഡോക്ടർ ജൂൺ 17 മുതൽ വ്യക്തമായ കാരണം പറയാതെ അവധിയിൽ പോവുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ഇടുക്കിയിലെത്തിയിട്ടും ഇയാൾ ഹാജരായില്ല. പീരുമേട് താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ മെമ്മോയ്ക്ക് പോലും ഇതുവരെ മറുപടി നൽകിയില്ല. ഇയാൾ ഇപ്പോഴും അനധികൃതമായി അവധിയിലാണ്.