ഐ.എസ്.ഒ നിലവാരത്തിലേക്ക്, കുടുംബശ്രീ സി.ഡി.എസുകൾ 'ഗെറ്റപ്പാകും '
സർട്ടിഫിക്കറ്റ് പട്ടികയിൽ 51 സി.ഡി.എസുകൾ
തൃശൂർ: പഞ്ചായത്തുതലത്തിൽ മുഖം മിനുക്കാനൊരുങ്ങി കുടുംബശ്രീ സി.ഡി.എസുകൾ. സി.ഡി.എസുകളുടെ വിപുലീകരണവും ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ഓഫീസ് സംവിധാനം വിപുലീകരിച്ചും ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയെടുക്കാൻ ജില്ലയിൽ നിന്ന് അമ്പതിലേറെ കുടുംബശ്രി സി.ഡി.എസുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ജില്ലയിലെ 100 സി.ഡി.എസുകളിൽ നിന്ന് 51 സി.ഡി.എസുകളെ തിരഞ്ഞെടുത്തത്. റൂറൽ മേഖലയിൽ നിന്ന് 46,അർബൻ മേഖലയിൽ നിന്ന് 5 സി.ഡി.എസുകളുമാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. കുടുംബശ്രീ ഓഫീസുകളിൽ ചെയർപേഴ്‌സണിന് പ്രത്യേക കാബിൻ, അക്കൗണ്ട്, മറ്റ് അംഗങ്ങൾ ഇരിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കും. ഇതിനായി സംസ്ഥാന കുടുംബശ്രീ മിഷൻ ഓരോ സി.ഡി.എസിന് 40000 രൂപ നൽകും. പദ്ധതി നടത്തിപ്പ് കിലയാണ്. എന്നാൽ അർബൻ മേഖലയിലുള്ള സി.ഡി.എസുകൾ നവീകരണത്തിന് തങ്ങളുടെ തനത് ഫണ്ടിൽ നിന്ന് തുക ചെലവഴിക്കണം.
റൂറൽ മേഖല
താന്ന്യം,അരിമ്പൂർ, മണലൂർ, അതിരപ്പിള്ളി,കാടുകുറ്റി, കൊരട്ടി, മേലൂർ, പരിയാരം, പുന്നയൂർ, പുന്നയൂർ കുളം, കടപ്പുറം, കാട്ടകാമ്പൽ, ചൊവ്വന്നൂർ,പോർകുളം,കടങ്ങോട്, വേലൂർ, കണ്ടാണശേരി,കടവല്ലൂർ,അളഗപ്പനഗർ, വരന്തരപ്പിള്ളി, മറ്റത്തൂർ, കൊടകര, മാള, കൈപ്പമംഗലം,എസ്.എൻ.പുരം,മതിലകം, എടവിലങ്ങ്,ഏറിയാട്,മുല്ലശേരി, എളവള്ളി, മാടക്കത്തറ, നടത്തറ, പുത്തൂർ, പാഞ്ഞാൾ, തിരുവില്വാമല, കൈപറമ്പ്, വാടാനപ്പിള്ളി, തളിക്കുളം, വെള്ളാംങ്കല്ലൂർ, വേളൂക്കര,പുത്തൻചിറ,മുള്ളൂർക്കര, തെക്കുംകര, വരവൂർ, പറപ്പൂക്കര, ചാലക്കുടി,
അർബൻ
തൃശൂർ1, തൃശൂർ2, വടക്കാഞ്ചേരി1, വടക്കാഞ്ചേരി 2.
പരിശീലനം തുടങ്ങി
സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ടും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി കുടുംബശ്രീ ചെയർപേഴ്‌സൺ, അക്കൗണ്ടന്റ്, അണ്ടർ സെക്രട്ടറി എന്നിവർക്ക് കിലയിൽ പരിശീലനം ആരംഭിച്ചു. ഒരു ഘട്ടം പൂർത്തിയായി. രണ്ടാം ഘട്ടം തിങ്കളാഴ്ച്ച നടക്കും. കിലയുടെ റിസോഴ്‌സ് പേഴ്‌സണനാണ് പരിശീലനം നൽകുന്നത്.
അയൽകൂട്ടങ്ങളുടെ അംഗബലം കുറയുന്നു
നിരവധി പദ്ധതി ആവിഷ്‌കരിക്കുമ്പോഴും അംഗബലം കുറഞ്ഞ് അയൽക്കൂട്ടങ്ങൾ. പത്ത് മുതൽ 20 വരെയാണ് ഓരോ അയൽക്കൂട്ടങ്ങളുടെയും അംഗബലം. എന്നാൽ തുടക്കത്തിൽ ഭൂരിഭാഗം അയൽക്കൂട്ടങ്ങളിലും 20 പേരുണ്ടായിരുന്നെങ്കിൽ ഇപ്പോൾ പത്തു മുതൽ 15 വരെയാണുള്ളത്. നിലവിൽ ജില്ലയിൽ 25, 696 അയൽക്കൂട്ടങ്ങളാണ് ഉള്ളത്.
കാലാവധി ജനുവരി വരെ
നിലവിലെ സി.ഡി.എസുകളുടെ കാലാവധി 2026 ജനുവരിയിലാണ് പൂർത്തിയാകുന്നത്. നിലവിലെ പഞ്ചായത്ത് ഭരണ സമിതികളുടെ കാലാവധി ഈ വർഷം ഡിസംബറിൽ പൂർത്തിയാകും. അതുകൊണ്ട് തന്നെ പുതിയ സി.ഡി.എസുകൾ ഫെബ്രുവരി, മാർച്ച് മാസത്തോടെ മാത്രമെ രൂപീകൃതമാകു.
രണ്ടാം ഘട്ടത്തിൽ മുഴുവൻ സി.ഡി.എസുകളും ഐ.എസ്.ഒ പട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രവർത്തനം ആണ് നടക്കുന്നത്. ( ഡോ.സലിൽ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ)