പുസ്തകപ്പുഴയുമായി കുട്ടിപൊലീസ്

Sunday 13 July 2025 1:02 AM IST

വിതുര: വായനാശീലം തിരികെ കൊണ്ടുവരുന്നതിനായി തൊളിക്കോട് പഞ്ചായത്തിലെ പനയ്ക്കോട് വി.കെ.കാണി ഗവൺമെന്റ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ പുസ്തകപ്പുഴ പദ്ധതി ശ്രദ്ധേയമാകുന്നു. പനയ്ക്കോട് ജനതാലൈബ്രറിയുമായി കൈകോർത്താണ് പദ്ധതി നടത്തുന്നത്. സ്വയംവായന, അമ്മവായന, അയൽപക്കവായന എന്നീ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഓരോപുസ്തകവും കടന്നുപോകുന്നത്. മൂന്ന് ഘട്ടങ്ങളിലും നടക്കുന്ന ആസ്വാദനകുറിപ്പുകളിൽ മികച്ചവ തിരഞ്ഞെടുത്ത് ആകർഷകമായ സമ്മാനം നൽകും. പുസ്തകപ്പുഴയുടെ ഉദ്ഘാടനം തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ജി.ശ്രീജിത് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മുരളീധരൻപിള്ള, കമ്മ്യൂണിറ്റിപൊലീസ് ഓഫീസർ അഭിലാഷ്.കെ, സ്റ്റാഫ് സെക്രട്ടറി ടി.ടിപ്പു എന്നിവർ പങ്കെടുത്തു.

100 സാഹിത്യകാരൻമാരുടെ 100 രചനകൾ വായിച്ച് നിരൂപണം തയ്യാറാക്കുന്ന പരിപാടിയായ പുസ്തക പൂക്കളം സംഘടിപ്പിച്ചു. സാഹിത്യകാരൻ ഡോ.ബാലചന്ദ്രൻ നേതൃത്വം നൽകി.

പുസ്തക പൂന്തോട്ടം

വായന വാരാചരണത്തിന്റെ ഭാഗമായി കുരുന്നുകളിൽ വായനാശീലംവളർത്തുന്നതിനായി എൽ.പി വിഭാഗം വിദ്യാർത്ഥികൾക്കായി പുസ്തക പൂന്തോട്ടം എന്ന പദ്ധതി നടപ്പിലാക്കി.