വയറ്റിൽ കോടികളുടെ മയക്കുമരുന്ന് ഗുളിക; നെടുമ്പാശേരിയിൽ ദമ്പതികൾ പിടിയിൽ
നെടുമ്പാശേരി: ഗുളിക രൂപത്തിലാക്കി വിഴുങ്ങി കോടികളുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ബ്രസീലിയൻ ദമ്പതികൾ കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ. ലൂക്കാ ഡിസിൽവ, ഭാര്യ ബ്രൂണ ഗബ്രിയേല എന്നിവരെ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസാണ് (ഡി. ആർ.ഐ) കസ്റ്റഡിയിലെടുത്തത്. ബ്രസീലിലെ സാവോ പോളോയിൽ നിന്ന് ദുബായ് വഴി രാവിലെ 8.45 നാണ് ഇവർ കൊച്ചിയിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും ലഭിച്ചില്ല.
തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് സ്കാനിംഗ് നടത്തി. വയറ്റിൽ കാപ്സ്യൂൾ രൂപത്തിൽ വസ്തുക്കൾ കണ്ടെത്തി. വൈകിട്ട് വരെ 70ഓളം ക്യാപ്സൂളുകൾ പുറത്തെടുത്തു. ബാക്കിയുള്ളവ പുറത്തെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. കൊക്കെയ്ൻ അല്ലെങ്കിൽ ഹെറോയിനാണ് ഇവയെന്നാണ് സൂചന. ഇതിന് കോടികൾ വിലവരും. മയക്കുമരുന്ന് പ്രത്യേക രീതിയിലുള്ള പ്ലാസ്റ്റിക് പേപ്പറിലാക്കിയാണ് കാപ്സ്യൂൾ നിർമ്മാണം. നെടുമ്പാശേരിയിൽ നിന്ന് തിരുവനന്തപുരത്ത് എത്താനായിരുന്നു ദമ്പതികളുടെ പദ്ധതി.
ഹോട്ടൽ ബുക്ക് ചെയ്തതിന്റെ വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇടനിലക്കാർക്ക് ഇവിടെ വച്ച് മയക്കുമരുന്ന് കൈമാറാനായിരുന്നു പദ്ധതി. ഇടനിലക്കാരെ ഉൾപ്പെടെ കണ്ടെത്താൻ പ്രതികളുടെ ഫോൺ വിവരങ്ങളും മറ്റ് ഡാറ്റകളും ഐ.ടി വിദഗ്ദ്ധർ പരിശോധിച്ചുവരികയാണ്. കഴിഞ്ഞ വർഷം ജൂണിൽ സമാന രീതിയിൽ 19 കോടിയുടെ കൊക്കെയിൻ കടത്താൻ ശ്രമിച്ച ടാൻസാനിയക്കാരൻ കൊച്ചി വിമാനത്താവളത്തിൽ പിടിയിലായിരുന്നു.