വ്യാജ മാലമോഷണ കേസ്: മുൻകൂർ ജാമ്യ ഹർജിയുമായി വീട്ടുടമയും പൊലീസ് ഉദ്യോഗസ്ഥരും

Sunday 13 July 2025 1:20 AM IST

തിരുവനന്തപുരം: നെടുമങ്ങാട് സ്വദേശിനിയായ ബിന്ദുവിനെതിരെയുള്ള വ്യാജ മാലമോഷണക്കേസിൽ വീട്ടുടമയും മകളും പേരൂർക്കട സ്റ്റേഷനിലെ രണ്ട്‌ പൊലീസ് ഉദ്യോഗസ്ഥരും മുൻകൂർ ജാമ്യം തേടി. പട്ടിക ജാതി പട്ടിക വർഗ്ഗ പ്രത്യേകകോടതി ജഡ്ജി എ.ഷാജഹാനാണ്‌ കേസ് പരിഗണിക്കുന്നത്. പേരൂർക്കട സ്വദേശിനികളായ വീട്ടുടമ ഓമന ഡാനിയേൽ,മകൾ നിഷ,​ മുൻ പേരൂർക്കട എസ്.ഐ എസ്.ജെ.പ്രസാദ്,എ.എസ്.ഐ പ്രസന്നകുമാർ എന്നിവരാണ്‌ കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമപ്രകാരം പരാതിക്കാരിയായ ബിന്ദുവിന് കോടതിയിൽ നേരിട്ടെത്തി ജാമ്യം നൽകുന്ന കാര്യത്തിൽ ആക്ഷേപം ഉണ്ടെങ്കിൽ അറിയിക്കാൻ നോട്ടീസ് നൽകി. പരാതിക്കാരി ജാമ്യ ഹർജിയെ എതിർക്കുകയും അത് വ്യക്തമായ കാരണത്തോടുകൂടിയാണെന്ന് കോടതിക്ക്‌ ബോദ്ധ്യപ്പെടുകയും ചെയ്താൽ മുൻകൂർ ജാമ്യം ലഭിക്കാനുള്ള സാദ്ധ്യത വിരളമാണ്. ഓമന ഡാനിയേലിന്റെ വീട്ടിൽജോലി ചെയ്തിരുന്ന ദളിത് യുവതിയായ ബിന്ദു വീട്ടിലെ മാല കവർന്നെന്ന പരാതിയിൽ കഴിഞ്ഞ ഏപ്രിൽ 23 നാണ്‌ പേരൂർക്കട പൊലീസ് ബിന്ദുവിനെ അറസ്റ്റ് ചെയ്തത്. പിറ്റേ ദിവസം പകൽ 12വരെ കസ്റ്റഡിയിൽ സൂക്ഷിക്കുകയും പൊലീസ് ഉദ്യോഗസ്ഥരായ പ്രതികൾ ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറിയെന്നുമാണ് ബിന്ദുവിന്റെ പരാതി. ദളിത് പീഡന നിരോധന നിയമ പ്രകാരമാണ്‌ പേരൂർക്കട പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തത്.