പൊലീസുകാരനെ മർദ്ദിച്ചയാൾ പിടിയിൽ

Sunday 13 July 2025 1:27 AM IST

ശംഖുംമുഖം: മുൻ വൈരാഗ്യത്തിന്റെ പേരിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മർദ്ദിച്ച പ്രതിയെ പൂന്തുറ പൊലീസ് പിടികൂടി. പൂന്തുറ സ്വദേശി ജോസാണ് അറസ്റ്റിലായത്. പൂന്തുറ ഇടയാർ ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശിയും വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ ബിനുവിനാണ് മർദ്ദനമേറ്റത്. മുമ്പ് ജോസിനെ പൊലീസ് പിടികൂടാൻ കാരണം ബിനുവാണെന്ന വൈര്യാഗത്തിലായിരുന്നു അക്രമം. ഇന്നലെ രാവിലെ ഇടയാർ ഭാഗത്തുവന്ന ജോസ് ബിനുവിനെ കണ്ടതോടെ അസഭ്യം പറയുകയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്പിക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്തു നിന്ന് രക്ഷപെടാൻ ശ്രമിച്ച ജോസിനെ നാട്ടുകാർ പിടികൂടി പൂന്തുറ പൊലീസിന് കൈമാറുകയായിരുന്നു. ബിനുവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.