32 വർഷത്തെ കാത്തിരിപ്പിന് ശുഭപര്യവസാനം, റോസിക്ക് ആശുപത്രി കിടക്കയിലെത്തി പട്ടയം സമ്മാനിച്ച് തഹസിൽദാർ

Sunday 13 July 2025 12:00 AM IST
1

വടക്കാഞ്ചേരി : 32 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കാഞ്ഞിരക്കോട് പള്ളിക്കുന്നത്ത് വീട്ടിൽ റോസിക്ക് ആശുപത്രി കിടക്കയിലെത്തി പട്ടയം സമ്മാനിച്ച് റവന്യൂ വകുപ്പ്. കാഞ്ഞിരക്കോട് കൊടുമ്പ് പുനരധിവാസ ഉന്നതിയിലെ പള്ളിക്കുന്നത്ത് വീട്ടിൽ പരേതനായ ജോസിന്റെ ഭാര്യ റോസി (67) യ്ക്കാണ് നാല് സെന്റ് ഭൂമിയുടെ പട്ടയം തലപ്പിള്ളി താലൂക്ക് തഹസിൽദാർ രാജേഷ് മാരാത്ത് മെഡിക്കൽ കോളേജ് 9-ാം വാർഡിലെത്തി കൈമാറിയത്. എരുമപ്പെട്ടി പഞ്ചായത്ത് ഗവർണർക്ക് വേണ്ടി വാങ്ങുകയും 4 സെന്റ് ഭൂമിയായി തിരിച്ച് അനുവദിക്കുകയും ചെയ്ത ഭൂമിയാണ് റോസിയടേത്. അനുവാദപത്രികയാണ് ഏകരേഖ. നികുതി അടയ്ക്കാനോ വായ്പ എടുക്കാനോ കൈമാറ്റം ചെയ്യാനോ സാധിക്കുമായിരുന്നില്ല. ഇനത്തിൽ മാറ്റം വരുത്തിയാണ് പട്ടയ നടപടികൾ ആരംഭിച്ചത്. ഏറെ ശ്രമകരമായ പ്രവർത്തനത്തിലൂടെയാണ് തഹസിൽദാർ ഇതെല്ലാം മറികടന്നത്. ഡെപ്യൂട്ടി തഹസിൽദാർ ജോസ്, പഞ്ചായത്ത് മെമ്പർ കെ.വി.ബബിത എന്നിവർ ഈ സന്തോഷ നിമിഷത്തിൽ കണ്ണികളായി. വൃക്കരോഗിയാണ് റോസി. അതോടൊപ്പം ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയുമുണ്ടായി. കഴിഞ്ഞ രണ്ടിന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച റോസിയുടെ ആരോഗ്യ നില ഇപ്പോഴും മെച്ചപ്പെട്ടിട്ടില്ല. ഈ മാസം 15ന് തലപ്പിള്ളി താലൂക്കിൽ പട്ടയ മേള നടക്കുന്നുണ്ട്. എന്നാൽ റോസിക്ക് നേരിട്ട് പട്ടയം നൽകണമെന്ന ചിന്തയാണ് റവന്യൂ വകുപ്പിനെ മെഡിക്കൽ കോളേജ് വാർഡിൽ എത്തിച്ചത്.