ഗാസ വെടിനിറുത്തൽ: ചർച്ച തകർച്ചയുടെ വക്കിൽ
ടെൽ അവീവ്: ഗാസയിൽ 60 ദിവസത്തെ വെടിനിറുത്തലിനായി ഖത്തറിൽ തുടങ്ങിയ ഇസ്രയേൽ-ഹമാസ് പരോക്ഷ ചർച്ചകൾ തകർച്ചയുടെ വക്കിലെന്ന് റിപ്പോർട്ട്. വെടിനിറുത്തലിനിടെ ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറുന്നത് സംബന്ധിച്ച ഹമാസിന്റെ ആവശ്യങ്ങളിൽ സമവായമുണ്ടാകാത്തതാണ് ചർച്ചയെ തടസപ്പെടുത്തുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഖത്തറിന്റെയും ഈജിപ്റ്റിന്റെയും യു.എസിന്റെയും മദ്ധ്യസ്ഥതയിൽ ചർച്ചകൾ തുടങ്ങിയത്.
അതേ സമയം, ചർച്ച തുടരുമെന്നും വരും ദിവസങ്ങളിൽ കരാർ ഉറപ്പിക്കാനാണ് തീവ്ര ശ്രമമെന്നും മദ്ധ്യസ്ഥ രാജ്യങ്ങൾ വ്യക്തമാക്കി. ഇസ്രയേലിന് മേൽ യു.എസ് കൂടുതൽ സമ്മർദ്ദം ചെലുത്തണമെന്ന് പാലസ്തീൻ അധികൃതർ ആവശ്യപ്പെട്ടു. അതിനിടെ, ഇന്നലെ ഗാസയിലെ റാഫയിൽ ഭക്ഷണം വാങ്ങാൻ സഹായ കേന്ദ്രത്തിലെത്തിയ 17 പേരെ ഇസ്രയേൽ സൈന്യം വെടിവച്ചു കൊന്നു.
തിക്കും തിരക്കും ഒഴിവാക്കാൻ മുന്നറിയിപ്പായി വെടിവച്ചെന്നും, എന്നാൽ ഇതിനിടെ തങ്ങളുടെ വെടിയേറ്റ് ആരും കൊല്ലപ്പെട്ടതിന്റെ തെളിവ് പരിശോധനയിൽ കണ്ടെത്തിയില്ലെന്നുമാണ് ഇസ്രയേലിന്റെ വാദം. ആറ് ആഴ്ചയ്ക്കിടെ സഹായ കേന്ദ്രങ്ങളിലെത്തിയ 800ഓളം പേർ ഇസ്രയേൽ വെടിവയ്പിൽ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സംഘടന (യു.എൻ) ചൂണ്ടിക്കാട്ടുന്നു. ആകെ 98 പേർ ഇന്നലെ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ കൊല്ലപ്പെട്ടു. ആകെ മരണം 57,880 കടന്നു.